ശമ്പള തര്‍ക്കത്തില്‍ പിന്‍മാറാതെ ബിഎംഎ; 98% ഡോക്ടര്‍മാരുടെ പിന്തുണയോടെ സെപ്റ്റംബര്‍ വരെ സമരത്തിന്
ശമ്പള തര്‍ക്കത്തില്‍ തൃപ്‍തികരമായ ഓഫര്‍ ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍. എന്‍എച്ച്എസില്‍ സമരങ്ങള്‍ തുടരാനായി സെപ്റ്റംബര്‍ പകുതി വരെ നീളുന്ന സമര അനുമതിയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വോട്ടിംഗിലൂടെ നേടിയെടുത്തത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ 41 ദിവസമായി സമരത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇത് തുടരാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ അനുമതി നല്‍കിയത്. 98% പിന്തുണയോടെയാണ് ആറ് മാസത്തേക്ക് കൂടി സമരതീയതി നീട്ടിയത്. 35% ശമ്പളവര്‍ദ്ധന വേണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.
പുതിയ നിയമപരമായ അനുമതിയോടെ ബിഎംഎ ഡോക്ടര്‍മാര്‍ക്ക് രണ്ടാഴ്ചത്തെ നോട്ടീസില്‍ ഹെല്‍ത്ത് ട്രസ്റ്റിലും, ജിപി സര്‍ജറികളിലും സമരം നടത്താന്‍ കഴിയും. തങ്ങള്‍ക്ക് സംതൃപ്തമായ ഒരു പുതിയ ഓഫര്‍ വേണമെന്ന് ഫലം പ്രഖ്യാപിക്കവെ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരും, സിവില്‍ സര്‍വന്റുമാരും പല കുറി നടത്തിയ ചര്‍ച്ചകളിലും ബിഎംഎയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന തീരുമാനത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന തോതില്‍ പണം നല്‍കാന്‍ ഗവണ്‍മെന്റും തയ്യാറായിട്ടില്ല. തുടര്‍ച്ചയായി മൂന്നാം തവണയാണ് 100% അടുത്ത് ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തെ പിന്തുണയ്ക്കുന്നത്.