കഴിഞ്ഞ വര്‍ഷം സൗത്താളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ രണ്ട് ഇന്ത്യന്‍ വംശജരെയും, ഒരു വനിതാ പോലീസ് ഓഫീസറെയും കുത്തിപ്പരുക്കേല്‍പ്പിച്ച ഖലിസ്ഥാന്‍ അനുകൂലിക്ക് 28 മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. 26-കാരന്‍ ഗുര്‍പ്രീത് സിംഗാണ് തന്റെ കൃപാണ്‍ ഉപയോഗിച്ച് മൂന്ന് പേരെ അക്രമിച്ചത്. 20 സെന്റിമീറ്റര്‍ നീളമുള്ള കത്തി ഉപയോഗിച്ചാണ് ഇരകളെ കുത്തിയത്. ഇയാളുടെ പക്കലുള്ള മൂന്ന് കൃപാണുകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
കൃപാണ്‍ കൈയില്‍ കരുതുന്നതില്‍ നിയമവിരുദ്ധത ഇല്ലെങ്കിലും ഇതൊരു കുറ്റകൃത്യം നടത്താന്‍ ആയുധമായി ഉപയോഗിക്കുന്നത് നിയമപരമല്ലെന്ന് ജഡ്ജ് പറഞ്ഞു. വാള്‍ പോലുള്ള കൃപാണ്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്, ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി പറഞ്ഞു.
ഇന്ത്യന്‍ പതാകകള്‍ കണ്ടതോടെ രോഷം പൂണ്ടാണ് അക്രമം നടത്തിയതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങളുടെ സമാധാനം കെടുത്താന്‍ ഉദ്ദേശിച്ച് മുന്‍കൂട്ടി തയ്യാറാക്കിയാണ് അക്രമിച്ചത്. ഇരകളുടെ പെരുമാറ്റവും, മതവും ഉള്‍പ്പെടെ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് അക്രമം, കോടതി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 15-നാണ് സൗത്താള്‍ ബ്രോഡ്‌വേയില്‍ ഇന്ത്യന്‍ വംശജരായ മുതിര്‍ന്നവരും, കുട്ടികളും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക വീശിയത്. ഇത് കണ്ടെത്തിയ ഗുര്‍പ്രീത് ഉള്‍പ്പെടെ മൂന്ന് പേരാണ് ഇന്ത്യന്‍ വംശജരെ ചോദ്യം ചെയ്യാനെത്തിയത്. ഗുര്‍പ്രീതാണ് മൂന്ന് പേരെ കത്തി ഉപയോഗിച്ച് കുത്തിയത്. 2020-ല്‍ യുകെയില്‍ വിദ്യാര്‍ത്ഥിയായി എത്തിയതാണ് ഗുര്‍പ്രീത്.