യു.കെ.വാര്‍ത്തകള്‍

ചാള്‍സ് രാജാവിന് പിന്നാലെ കെയ്റ്റ് രാജകുമാരിയും കാന്‍സര്‍ ചികിത്സയില്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം. ചാള്‍സ് മൂന്നാമന്‍ രാജാവിനു പിന്നാലെ വെയില്‍സിന്റെ രാജകുമാരി കെയ്റ്റും കാന്‍സര്‍ ചികിത്സയില്‍ . തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ കെയ്റ്റ് തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാല്‍ ഏതു തരം കാന്‍സറാണെന്ന് കെന്‍സിങ്ടണ്‍ പാലസ് വ്യക്തമാക്കുന്നില്ല. ഇതോടെ ആഴ്ചകളായി രാജകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. നേരത്തെ രാജകുമാരി ഉദര ശസ്ത്രക്രിയയ്ക്കു വിധേയയായി എന്നതരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


ചാള്‍സ് രാജാവിന്റെ മൂത്ത മകനും ഒന്നാം കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതു പരിപാടികള്‍ എല്ലാം മാറ്റിവച്ച് ചികില്‍സയിലും വിശ്രമത്തിലുമാണ് രാജാവ്. ഒഴിവാക്കാനാകാത്ത ഭരണഘടനാപരമായ ചുമതലകള്‍ മാത്രമേ രാജാവ് ഇപ്പോള്‍ നിര്‍വഹിക്കുന്നുള്ളൂ.

ജനുവരി അവസാനവാരം ലണ്ടനിലെ ആശുപത്രിയില്‍ കെയ്റ്റ് രാജകുമാരി ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അന്നു മുതല്‍ പൊതുവേദികളില്‍നിന്നും ഔദ്യോഗിക പരിപാടികളില്‍നിന്നുമെല്ലാം വിട്ടുനിന്ന കെയ്റ്റിന്റെ ആരോഗ്യത്തെക്കുറിച്ച് ബ്രിട്ടിഷ് ടാബ്ളോയിഡുകളിലും സോഷ്യല്‍ മീഡിയയിലും ഏറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കുടുംബം വെല്ലുവിളിയെ നേരിടുന്ന ഘട്ടമാണെന്ന വില്യമിന്റെ തുറന്നു പറച്ചിലും രാജാവിന്റെ അസാന്നിധ്യത്തില്‍ പല പരിപാടികളിലും നേരിട്ട് പങ്കെടുക്കേണ്ടിയിരുന്ന രാജകുമാരന്‍ ഇതില്‍ പലതും ഒഴിവാക്കിയതുമാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു പല പരിപാടികളും അദ്ദേഹം ഒഴിവാക്കിയത്.

രാജകുമാരിയുടെ വിഡിയോ സന്ദേശമല്ലാതെ ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കൊന്നും കെന്‍സിങ്ടണ്‍ പാലസ് തയാറാകുന്നില്ല. സ്വകാര്യമായ ഇത്തരം വിവരങ്ങള്‍ പങ്കുവയ്ക്കാനില്ലെന്നും ഇത് അവരുടെ അവകാശമാണെന്നുമാണ് വിശദീകരണം.

കാന്‍സര്‍ സ്ഥിരീകരിച്ചുള്ള അറിയിപ്പ് തികച്ചും ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും ഏറെ ദുഷ്കരമായ ഏതാനും ആഴ്ചകളാണ് കടന്നുപോയതെന്നും രാജകുമാരി വിഡിയോ സന്ദേശത്തില്‍ വിവരിച്ചു. ഓരോ ദിവസവും താന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു വരികയാണെന്നും അവര്‍ വെളിപ്പെടുത്തി. ആശുപത്രിയിലായിരിക്കെ ജനങ്ങള്‍ കാണിച്ച സ്നേഹവും അയച്ച സന്ദേശങ്ങളും തനിക്ക് സന്തോഷം നല്‍കിയെന്നും വില്യമിന്റെയും കുഞ്ഞുങ്ങളുടെയും സാമീപ്യം സ്വാന്തനം നല്‍കുന്നതായും രാജകുമാരി വെളിപ്പെടുത്തി.

കെയ്റ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയന്ന് അമേരിക്കയിലുള്ള ഹാരി രാജകുമാരനും ഭാര്യ മെഗാന്‍ മെര്‍ക്കലും ആശംസിച്ചു. നേരത്തെ, അസുഖ ബാധിതനായ പിതാവിനെ കാണാനായി ഹാരി എത്തിയിരുന്നു.

  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions