കെയ്റ്റിന്റെ വീഡിയോ ലണ്ടന്‍ ക്ലിനിക്കിലെ ചികിത്സ വിവരം ചോരുമെന്ന ഘട്ടത്തില്‍
ലണ്ടന്‍ ക്ലിനിക്കിലെ തന്റെ ചികിത്സയെ കുറിച്ച് ജീവനക്കാര്‍ പരിശോധിച്ചെന്ന് വ്യക്തമായതിന് പിന്നാലെയാണ് കാന്‍സര്‍ ബാധിതയാണെന്ന് സ്ഥിരീകരിച്ചു കെയ്റ്റ് മിഡില്‍ടണിന്റെ വീഡിയോ പുറത്തുവന്നത്. ചാള്‍സ് രാജാവിന് കാന്‍സര്‍ ബാധയാണെന്ന് സ്ഥിരീകരിച്ചതിന് ഒരു മാസം മുന്‍പ് മാത്രമായിരുന്നു കെയ്റ്റ് മിഡില്‍ടണിന്റെ സര്‍ജറി നടന്നത്. ലണ്ടന്‍ ക്ലിനിക്കില്‍ സുപ്രധാന അബ്‌ഡോമിനല്‍ സര്‍ജറി നടത്തിയതായി വിവരം നല്‍കിയെങ്കിലും മാസങ്ങളായി ഇതേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. കാന്‍സറുമായി യാതൊരു ബന്ധവുമില്ലെന്ന് കൊട്ടാരം ആവര്‍ത്തിച്ച് പറയുകയും ചെയ്തു.
ലണ്ടന്‍ ക്ലിനിക്കില്‍ കെയ്റ്റിന്റെ രോഗവിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഇവിടുത്തെ ജീവനക്കാരില്‍ ചിലര്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവരികയും, അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കെയ്റ്റിന്റെ ചികിത്സയെ കുറിച്ച് വിവരങ്ങള്‍ ചോരുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് 42-കാരിയായ കെയ്റ്റ് നേരിട്ട് തന്റെ കാന്‍സര്‍ ചികിത്സ സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
താന്‍ ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയമാകുന്നുവെന്ന് കെയ്റ്റ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. മാസങ്ങളായി നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ താല്‍ക്കാലിക അവസാനമായത്.
കെയ്റ്റ് പൊതുമുഖത്ത് നിന്നും കാണാതായത് സംബന്ധിച്ച് പലവിധ പ്രചരണങ്ങളും നടന്നിരുന്നു. അതേസമയം ഏത് കാന്‍സറാണെന്നോ, ഇതിന്റെ ചികിത്സാ വിവരങ്ങളോ പുറത്തുവിടില്ലെന്ന് കൊട്ടാരം പറയുന്നു.