യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായത് പ്രതിസന്ധി സൃഷ്ടിച്ചു. 1600 - ലധികം വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആകാശയാത്രയില്‍ അപകടത്തിന് കാരണമാകുന്ന കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്. ജിപിഎസ് തകരാറുകള്‍ വ്യോമയാന മേഖലയ്ക്ക് മൊത്തത്തില്‍ ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്.
വടക്കന്‍ യൂറോപ്പിലും ബള്‍ട്ടിക് കടലിന് മുകളിലൂടെയും പറക്കുന്ന വിമാനങ്ങള്‍ക്കാണ് ഞായറാഴ്ച മുതല്‍ ജിപിഎസ് സംവിധാനം തകരാറിലായത് മൂലമുള്ള പ്രശ്നങ്ങള്‍ നേരിട്ടത്. കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോളിഷ് വ്യോമാതിര്‍ത്തിയിലാണ് .
എന്നാല്‍ ജര്‍മ്മന്‍, ഡാനിഷ്, സ്വീഡിഷ്, ലാത്വിയന്‍, ലിത്വാനിയന്‍ വ്യോമാതിര്‍ത്തികളില്‍ പറക്കുന്ന വിമാനങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടേണ്ടി വന്നതായുള്ള റിപോര്‍ട്ടുകള്‍ വ്യാപകമായ ഭീതി പരക്കുന്നതിന് കാരണമായി. റഷ്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നതോടെ ഇതിനു പിന്നില്‍ റഷ്യയുടെ പങ്കാണ് സംശയയിക്കുന്നത്.
ജിപിഎസ് സംവിധാനങ്ങള്‍ തകരാറിലാക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ റഷ്യയ്ക്കുണ്ടെന്ന് ലിത്വാനിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഇലക്ട്രോണിക്സ് മേഖലയില്‍ യുദ്ധത്തില്‍ റഷ്യയുടെ മേല്‍കൈ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവമായി കാണണമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ. മെലാനി ഗാര്‍സണ്‍ പറഞ്ഞു.