ആടുജീവിതം റിലീസായതിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. 'ആടുജീവിതം' എന്ന സിനിമ തന്റെ മകന്‍ രാജുവിന്, ബ്ലെസ്സിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണെന്ന് മല്ലിക പറയുന്നു.
ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുകയാണ്....നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍...എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു...എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണo...ആടുജീവിതം എന്റെ മകന്‍ രാജുവിന് , ബ്ലെസ്സിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്....പ്രാര്‍ത്ഥനയോടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു....
അറേബ്യന്‍ മരുഭൂമിയില്‍ വര്‍ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീര്‍ത്ത നജീബിന്റെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.
ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.