ദിവസവും ചെലവാകുന്നത് 2 ലക്ഷം; അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം തേടി കുടുംബം
വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സുമനസുകളുടെ സഹായം തേടി കുടുംബം. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഇതിനോടകം തന്നെ അരുന്ധതിക്കായി 40 ലക്ഷം ചെലവാക്കി കഴിഞ്ഞു. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയില്‍ ആയതോടെ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ് .
മാര്‍ച്ച് 14നാണ് അരുന്ധതി നായര്‍ക്ക് അപകടം പറ്റിയത്. ബൈക്കില്‍ പോകവെ കോവളം ഭാഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡില്‍ കിടന്നു. ഇതിനിടെ എത്തിയ യാത്രക്കാരന്‍ അവരെ ആശപത്രിയില്‍ എത്തിക്കുക ആയിരുന്നു.
അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.