യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ 40 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് പൗരത്വം; ലേബര്‍ പദ്ധതിക്കെതിരെ ടോറി പാര്‍ട്ടി

ബ്രിട്ടനിലെ 40 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് പൗരത്വം നല്‍കുമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മറുടെ നിലപാട് ബ്രക്സിറ്റ് അനുകൂലികളും എതിരാളികളും തമ്മില്‍ വീണ്ടും ഒരു തുറന്ന പോരാട്ടത്തിന് വഴിവച്ചു. ലേബര്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഇടതുപക്ഷ ചിന്തകനാണ് കീര്‍ സ്റ്റാര്‍മറോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രക്സിറ്റിന് ശേഷം യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ച 37 ലക്ഷത്തോളം യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കണം എന്നതാണ് ആവശ്യം.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയാല്‍, ഉയര്‍ന്ന നിലയിലുള്ള കുടിയേറ്റം ബ്രിട്ടീഷുകാര്‍ക്ക് സ്വീകാര്യമാകാന്‍ ഇടയുണ്ടെന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയ വ്യക്തി പറയുന്നത്. അമേരിക്കന്‍ രീതിയില്‍, ഒരു നിശ്ചിതകാലം ബ്രിട്ടനില്‍ കഴിയുന്നവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കുന്ന രീതിയാണ് വേണ്ടതെന്നും ഈ വ്യക്തി പറയുന്നു. അതേസമയം, ബ്രക്സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരുന്ന ഇ യു പൗരന്മാര്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അങ്ങനെയായാല്‍, ഇഷ്ടമുള്ളിടത്തോളം കാലം അവര്‍ക്ക് ബ്രിട്ടനില്‍ തുടരാനും, പഠിക്കാനും, ജോലി ചെയ്യാനുമൊക്കെ കഴിയുമെന്നും ഈ നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ്ണ വോട്ടിംഗ് അവകാശം നല്‍കണമെന്ന് കീര്‍ സ്റ്റാര്‍മര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ അവര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടിയുമായി അടുപ്പമുള്ള വ്യക്തി രംഗത്തെത്തുന്നത്.

അതോടെ, കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഈ നയം നടപ്പിലാക്കിയാല്‍ അത് ബ്രക്സിറ്റിന്റെ പേരില്‍ നടത്തുന്ന ഒരു വഞ്ചനയായിരിക്കും എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡെപ്യുട്ടി ചെയര്‍മാന്‍ ജോനാഥന്‍ ഗള്ളിസ് പ്രതികരിച്ചത്. ഇതിനോടകം തന്നെ ഇയു പൗരന്മാര്‍ക്ക് സമ്പൂര്‍ണ്ണ വോട്ടവകാശം നല്‍കണമെന്ന് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടത് അറിയാമെന്നു പറഞ്ഞ ഗള്ളിസ്, ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളാണ് അവര്‍ക്ക് സ്വമേധയാ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.

കീര്‍ സ്റ്റാര്‍മറും, യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഒരു ഇടപാടാണ് ഇതെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു എന്ന് പറഞ്ഞ ഗള്ളിസ്, ഇത് നടപ്പാക്കുന്നത് ബ്രിട്ടന്റെ അതിര്‍ത്തികള്‍ ബ്രസ്സല്‍സില്‍ പണയം വയ്ക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ബ്രിട്ടീഷ് അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സ്റ്റാര്‍മറിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിദേശികള്‍ക്ക്, ബ്രിട്ടീഷ് പൗരന്മാരാകുന്നതിനുള്ള നിയമങ്ങള്‍ക്ക് എന്ത് പോരായ്മയാണ് ഉള്ളതെന്ന് വ്യക്തമാക്കണം എന്നാവശ്യവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെന്‍ഡാന്‍ ക്ലാര്‍ക്ക് സ്മിത്തും രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് സമ്പൂര്‍ണ്ണ വോട്ടവകാശം യൂറോപ്യന്‍ യൂണിയനും നല്‍കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാര്‍ട്ടി അനുയായിയുടെ പ്രസ്താവനയെ സ്റ്റാര്‍മര്‍ തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions