പുതിയ ടാക്‌സ് പദ്ധതികള്‍ 1.6 മില്ല്യണ്‍ പേരെ കൂടി നികുതി ബ്രാക്കറ്റില്‍ കയറ്റുമെന്ന്
പ്രധാനമന്ത്രി റിഷി സുനാകിന്റെയും ചാന്‍സലര്‍ ജെറമി ഹണ്ടിന്റെയും ടാക്‌സ് പദ്ധതികള്‍ 1.6 മില്ല്യണ്‍ പേരെ കൂടി നികുതി ബ്രാക്കറ്റില്‍ കയറ്റുമെന്ന് ഗവേഷണം. പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ നല്‍കുമെന്ന ട്രിപ്പിള്‍ ലോക്ക് വാഗ്ദാനമാണ് കുരുക്കായി മാറുന്നത്. ഏകദേശം 1.6 മില്ല്യണ്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്‍കം ടാക്‌സ് നല്‍കുന്നതിലേക്ക് എത്തപ്പെടുമെന്നാണ് കണ്ടെത്തല്‍.
2024/25 വര്‍ഷത്തോടെ 1.2 മില്ല്യണ്‍ നികുതിദായകരെ സംഭാവന ചെയ്യാന്‍ പെന്‍ഷന്‍കാര്‍ വഴിയൊരുക്കും. 2025/26 വര്‍ഷത്തില്‍ 1.3 മില്ല്യണിലേക്കും, 2026/27 വര്‍ഷത്തില്‍ 1.5 മില്ല്യണിലേക്കും, 2027/28-ല്‍ 1.6 മില്ല്യണിലേക്കും പെന്‍ഷന്‍ നികുതിദായകരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി.
2021-ല്‍ ചാന്‍സലറായിരിക്കവെ ടാക്‌സ് ഫ്രീ പേഴ്‌സണല്‍ അലവന്‍സ് പരിധി സുനാക് മരവിപ്പിച്ചിരുന്നു. നാല് വര്‍ഷത്തേക്ക് 12,750 പൗണ്ട് പരിധി വരെ വരുമാനം ലഭിച്ചാല്‍ നികുതി നല്‍കേണ്ടെന്നാണ് തീരുമാനിച്ചത്. ഇത് ഹണ്ട് രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് 2027/28 വരെ എത്തിച്ചു. എന്നാല്‍ ഇതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്‍കം ടാക്‌സ് നല്‍കാന്‍ പെന്‍ഷന്‍കാര്‍ നിര്‍ബന്ധിതമാകും.
ലിബറല്‍ ഡെമോക്രാറ്റുകള്‍ നടത്തിയ ഗവേഷണത്തിലാണ് 66 വയസ്സുള്ള പുതിയ ഇന്‍കം ടാക്‌സ് അടവുകാരുടെ എണ്ണം ഈ നികുതി പരിധി മരവിപ്പിക്കല്‍ മൂലം വര്‍ദ്ധിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞത്. 2021 മുതല്‍ പണപ്പെരുപ്പത്തിനൊപ്പം നികുതി പരിധിയും ഉയര്‍ന്നിരുന്നു. വര്‍ക്ക് & പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്ക് പ്രകാരം 12.7 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നത്. ഈ മാസം 8.5% വര്‍ദ്ധിച്ച് ആഴ്ചയില്‍ 221.20 പൗണ്ടിലേക്കാണ് ഇത് എത്തുക.