റോഡുകളിലെ ഗതാഗത കുരുക്കുകളും യാത്രാ താമസവും ഒഴിവാക്കുവാന്‍ മോട്ടോര്‍വേകളിലേയും ഡ്യുവല്‍ കാര്യേജ് വേകളിലേയും വേഗതാ പരിധി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം. മോട്ടോര്‍വേകളില്‍ വേഗതാ പരിധി മണിക്കൂറില്‍ 100 മൈലും, ഡ്യുവല്‍ ഹൈവേകളില്‍ മണിക്കൂറില്‍ 80 മൈലും ആയി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നിലവിലെ വേഗതാ പരിധി നിശ്ചയിച്ചിട്ടുള്ളത് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
ജനുവരിയില്‍ ആയിരുന്നു ഈ ഓണ്‍ലൈന്‍ പരാതി ആദ്യമായി എത്തിയത്. നൂറുകണക്കിന് വാഹനമുടമകളാണ് ഇതിനോടകം തന്നെ ഇതില്‍ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ വേഗതാ പരിധി, നീതീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പരാതിക്ക് രൂപം നല്‍കിയ എലൂസി മാരി ഔള്‍ഡ് പറയുന്നത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിക്കൂറില്‍ 70 മൈല്‍ എന്ന പരിധി നിശ്ചയിച്ചത്. എന്നാല്‍, ആധുനിക വാഹനങ്ങള്‍ക്ക് വളരെയധികം മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. മാത്രമല്ല, വളരെ പെട്ടെന്ന് തന്നെ നിര്‍ത്താന്‍ കഴിയുന്ന മെച്ചപ്പെട്ട ബ്രേക്കിംഗ് സംവിധാനങ്ങളും ഉണ്ട് എന്ന് എലൂസി ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ അത് ചരക്കു ഗതാഗതത്തെയും സുഗമമാക്കും അതുവഴി വിതരണ ശൃംഖലയിലുള്ള പ്രശ്‌നങ്ങള്‍ക്ക് വലിയൊരു അളവില്‍ പരിഹാരം കാണാനുമാകുമെന്നും എലൂസി പറയുന്നു. ആധുനിക വാഹനങ്ങളിലെ ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം എന്നിവയ്ക്ക് വലിയൊരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. മാത്രമല്ല, ഗതാഗതം സുഗമമാകുന്നതോടേ ഗതാഗത കുരുക്കുകളും കാലതാമസവും ഒഴിവാക്കാന്‍ കഴിയും.
എങ്കിലും ഒരു വിഭാഗം ആളുകള്‍ ഈ പരാതിയെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുകയാണ്. 100 മൈല്‍ വേഗതയില്‍ കാര്‍ എങ്ങനെ പെട്ടെന്ന് നിര്‍ത്താന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത് എന്നായിരുന്നു പരാതി പങ്കുവച്ചുകൊണ്ട് ഒരാള്‍ ചോദിച്ചത്. കാറിന് 100 മൈല്‍ വേഗതയില്‍ എത്താന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ പറയുന്നു. 2024 ജൂണ്‍ 13 വരെയാണ് പരാതിയില്‍ ഒപ്പിടാനുള്ള സമയം. 10,000 ഒപ്പുകള്‍ ശേഖരിക്കാന്‍ ആയാല്‍, ഈ വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരും.