കഴിഞ്ഞ മാസം അവസാനം വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈസ്റ്റര്‍ ഹോളിഡേയ്ക്ക് മുന്‍പായി വിപണിയിലെത്തിയ പുതിയ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടതായി റൈറ്റ്മൂവ് പറഞ്ഞു.
ഈസ്റ്ററിന് മുന്‍പുള്ള വ്യാഴാഴ്ച, 28 മാര്‍ച്ച് ആയിരുന്നു ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പുതിയ വില്‍പ്പനക്കാര്‍ രംഗത്തിറങ്ങിയ ദിവസമെന്ന് വെബ്‌സൈറ്റ് പറയുന്നു. 2020 ആഗസ്റ്റിന് ശേഷം പുതിയ ലിസ്റ്റിംഗ് ചെയ്ത ഏറ്റവും വലിയ മൂന്നാമത്തെ ദിനവുമായി ഇത് മാറി. 2022, 2023 വര്‍ഷങ്ങളിലെ ബോക്‌സിംഗ് ഡേയാണ് ഇതിന് മുന്‍പുള്ള വമ്പന്‍ ലിസ്റ്റിംഗ് നടന്ന ദിനങ്ങള്‍.
ഈസ്റ്റര്‍ വ്യാഴാഴ്ച റൈറ്റ്മൂവില്‍ എത്തിയ വീടുകളുടെ എണ്ണത്തില്‍ 45 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. ഈസ്റ്റര്‍ വീക്കെന്‍ഡില്‍ വാങ്ങുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഈ വിധത്തില്‍ ആളുകള്‍ വീടുകള്‍ വിപണിയില്‍ എത്തിച്ചതെന്ന് റൈറ്റ്മൂവ് പറഞ്ഞു. വീടുകളുടെ എണ്ണമേറുന്നത് പോസിറ്റീവ് കാര്യമാണെങ്കിലും വില്‍പ്പന വിജയകരമാകാന്‍ നിരക്ക് മത്സരക്ഷമതയുള്ളതാകണമെന്ന് റൈറ്റ്മൂവ് പ്രോപ്പര്‍ട്ടി എക്‌സ്‌പേര്‍ട്ട് ടിം ബാന്നിസ്റ്റര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി സപ്ലൈയിലെ കുറവും, വില്‍പ്പനയ്ക്കുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് വലിയ ഡിമാന്‍ഡും നേരിട്ടതോടെ ചോദിക്കുന്ന വിലയില്‍ 18 ശതമാനം വര്‍ദ്ധനവാണ് നേരിട്ടത്. 2020 മാര്‍ച്ചില്‍ മഹാമാരിയുടെ തുടക്കത്തില്‍ ബ്രിട്ടനില്‍ ശരാശരി ചോദിക്കുന്ന വില 312,625 പൗണ്ടായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് ആയപ്പോള്‍ ഇത് 368,118 പൗണ്ടിലേക്ക് എത്തി.