മാഞ്ചസ്റ്ററില്‍ പതിനേഴുകാരന്‍ കുത്തേറ്റ് മരിച്ചു; പ്രതിയെ തപ്പി പൊലീസ്
മാഞ്ചസ്റ്റര്‍: യുകെജനതയെ ഞെട്ടിച്ചു വീണ്ടും കൗമാരക്കൊല. മാഞ്ചസ്റ്ററില്‍ കത്തി കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് റാബി സ്ട്രീറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. മാഞ്ചസ്റ്ററില്‍ നടന്നത് ദാരുണമായ ജീവഹാനിയാണെന്നും പൊലീസ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്നും ഡിറ്റക്റ്റീവ് സൂപ്രണ്ട് സൈമണ്‍ മൊയ്ല്ല്‍സ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെങ്കിലും ഉത്തരവാദികളായവരെ പിടികൂടാന്‍ സംഭവസ്ഥലത്ത് നിന്നുള്ള കാമറ ഫൂട്ടേജുകള്‍ക്കായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.