ഭിന്നശേഷിക്കാരിയായ വൃദ്ധയെ വീട്ടില്‍ ചെന്ന് ശുശ്രൂഷിക്കവേ ക്രൂരത കാട്ടിയ റെക്‌സ്ഹാമിലെ റോബര്‍ട്ട് നീല്‍ എന്ന 63 കാരന് 14 വര്‍ഷം ജയില്‍. ഭിന്നശേഷിക്കാരിയായ വൃദ്ധയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് വീട്ടില്‍ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. വൃദ്ധയുടെ സുരക്ഷ സംബന്ധിച്ച് സംശയമുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു വീടിനുള്ളില്‍ ക്യാമറ സ്ഥാപിച്ചത്.
2022 ല്‍ നടന്ന ഈ സംഭവത്തില്‍ ലൈംഗിക പീഡനം, മാനസിക പ്രശ്‌നങ്ങള്‍ ഉള്ള വനിതയെ പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് റോബര്‍ട്ട് നീലിന് 14 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മോള്‍ഡ് ക്രൗണ്‍ കോടതി ഇന്നലെയായിരുന്നു ശിക്ഷ വിധിച്ചത്.
നേരത്തെ, ബെറ്റ്‌സി കാഡ്വാലാഡര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ ചെയ്തികള്‍ പുറത്തു വന്നത് രോഗിയുടെ വീട്ടുകാര്‍ സി സി ടി വി ദൃശ്യങ്ങള്‍ കണ്ടതോടെ ആയിരുന്നു. ഞെട്ടിക്കുന്ന ക്രൂരത എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും പറഞ്ഞത്. വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന ട്രസ്റ്റ് വിശദീകരിച്ചു.
അറസ്റ്റിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിന് കേസ് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു.