പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്നവരാണ് ബ്രിട്ടനിലെ എന്‍എച്ച്എസിലെ ചില ജിപിമാരെന്ന് കണക്കുകള്‍. കോവിഡ് മഹാമാരി കാലത്താണ് നാലോളം ഫാമിലി ഡോക്ടര്‍മാര്‍ ഏഴക്ക വരുമാനം കൈപ്പറ്റിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആ സമയത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സന്റെ 162,000 പൗണ്ടിനേക്കാള്‍ ആറിരട്ടി അധികം വരുമാനമാണ് ജിപിമാര്‍ നേടിയത്. ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് നല്‍കിയ വിവരാവകാശ നിയമപ്രകാരമാണ് എന്‍എച്ച്എസ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
1 മില്ല്യണ്‍ പൗണ്ടോ, അതില്‍ അധികമോ ലഭിച്ച ജിപിമാരുടെ യഥാര്‍ത്ഥ എണ്ണം ഹെല്‍ത്ത് സര്‍വ്വീസ് പങ്കുവെച്ചില്ല. എന്നിരുന്നാലും ഇത് അഞ്ചില്‍ താഴെയാണെന്ന് സ്ഥിരീകരിച്ചു. ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാര്‍ക്ക് 800,000 പൗണ്ട് മുതല്‍ 850,000 പൗണ്ട് വരെ ലഭിച്ചപ്പോള്‍ മറ്റ് രണ്ട് പേര്‍ക്ക് 900,000 പൗണ്ട് വരെയും വരുമാനം കിട്ടി.
2021-2022 വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ 8593 ജിപിമാര്‍ക്കാണ് 100,000 പൗണ്ടിലേറെ വരുമാനം സിദ്ധിച്ചത്. മഹാമാരി കാലത്തെ അധിക ഡിമാന്‍ഡും, സര്‍ജറി ശൃംഖലകളുടെ എണ്ണം ഉയര്‍ന്നതുമാണ് ഡോക്ടര്‍മാരുടെ വരുമാനത്തിന് ഊര്‍ജ്ജമേകിയതെന്നാണ് കരുതുന്നത്. ചില ലോക്കല്‍ ഡോക്ടര്‍മാര്‍ നേടിയ വരുമാനങ്ങള്‍ രോഗികളെ ഞെട്ടിക്കാന്‍ പോന്നതാണെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് പറഞ്ഞു.
ജനറല്‍ പ്രാക്ടീസുകള്‍ എന്‍എച്ച്എസിന്റെ സ്വയം നിയോഗിതരായ കോണ്‍ട്രാക്ടര്‍മാരാണ്. ഇവര്‍ ജീവനക്കാരുടെ ശമ്പളം സ്വതന്ത്രമായാണ് നിശ്ചയിക്കുന്നത്, ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.