സൈബര്‍ ഹണി ട്രാപ്പ് വിവാദം: 1922 കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം വില്യം വ്രാഗ് രാജിവച്ചു
ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ ടോറി പാര്‍ട്ടിയുടെ 1922 കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം വില്യം വ്രാഗ് രാജിവച്ചു. ഒരു ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടിയ ഒരാള്‍ക്ക് സഹ എംപിമാരുടെ വിവരങ്ങള്‍ പങ്കുവെച്ചതായി ടോറി എംപിയായ വില്യം വ്രാഗ് സമ്മതിച്ചിരുന്നു.
പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ അഫയേഴ്‌സ് കമ്മറ്റി അധ്യക്ഷ സ്ഥാനവും അദ്ദേഹം ഒഴിയാന്‍ സാധ്യതയുണ്ട്. എംപിമാര്‍ക്ക് ആവശ്യപ്പെടാത്ത സന്ദേശങ്ങള്‍ അയച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൃത്തങ്ങളില്‍ 20 പേര്‍ക്ക് സംശയാസ്പദമായ വാചകങ്ങള്‍ ലഭിച്ചതായി പൊളിറ്റിക്കോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, രണ്ട് കണ്‍സര്‍വേറ്റീവ് എംപിമാരും അതുപോലെ തന്നെ ചില വെസ്റ്റ്മിന്‍സ്റ്റര്‍ പത്രപ്രവര്‍ത്തകരും തങ്ങളെ ടാര്‍ഗെറ്റുചെയ്‌തതായി പരസ്യമായി പറഞ്ഞു. അവരില്‍ ബിബിസിയുടെ മുഖ്യ രാഷ്ട്രീയ ലേഖകനും ഉണ്ടായിരുന്നു,
36 കാരനായ വില്യം വ്രാഗ് 2015 ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മണ്ഡലമായ ഹേസല്‍ ഗ്രോവിന്റെ എംപിയായി. ഒരു കണ്‍സര്‍വേറ്റീവ് എംപി എന്ന നിലയില്‍ വ്രാഗിനെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. എങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് വില്യം വ്രാഗ് വ്യക്തമാക്കി.
ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവര്‍ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റര്‍ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരകള്‍ക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു .
ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു സൈബര്‍ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാര്‍ലി എന്നീ അപരനാമങ്ങളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .
കഴിഞ്ഞ വേനല്‍ക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാര്‍ക്ക് ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു . തീരെ പരിമിതമായ ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടെത്തിയിരുന്നു.
ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ ഹണി ട്രാപ്പില്‍ വീഴ്ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തുകയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത് .