വിദേശ വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണ നടപടികളുമായി ഓസ്‌ട്രേലിയ. നിയമപരമായ കുടിയേറ്റം റെക്കോര്‍ഡ് നിലയിലെത്തിയതോടെ കുടിയേറ്റ നിയന്ത്രണത്തിന് കര്‍ശനമായ നയങ്ങളുമായി ഓസ്‌ട്രേലിയ രംഗത്ത് വന്നിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയിലാണ് ഇപ്പോള്‍ കര്‍ശന നയം കൊണ്ടു വരുന്നത്. ഓസ്‌ട്രേലിയയിലേക്കുള്ള സ്റ്റുഡന്റ് വിസ ഇനി മുതല്‍ കൂടുതല്‍ ചെലവേറിയതാകും.
വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമമനുസരിച്ച്, സ്റ്റുഡന്റ് വിസ ആവശ്യമെങ്കില്‍, വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത് 29,710 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 16.5 ലക്ഷം) സേവിംഗ്‌സ് കാണിക്കേണ്ടി വരും. കഴിഞ്ഞ ഏഴ് മാസക്കാലത്തിനിടയില്‍ ഇതില്‍ വരുത്തുന്ന രണ്ടാമത്തെ വര്‍ദ്ധനവാണിത്. കുടിയേറ്റം കുറയ്ക്കുക എന്നതു തന്നെയാണ് പ്രധാന ലക്‌ഷ്യം.
2022 - ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതോടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റക്കാരുടെ കുത്തൊഴുക്കായിരുന്നു. ഇത് ഓസ്‌ട്രേലിയയില്‍ പാര്‍പ്പിട പ്രശ്നത്തിന് വഴിയൊരുക്കുകയായിരുന്നു. ഇതോടെയാണ് കുടിയേറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, സ്റ്റുഡന്റ് വിസയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ നിലവാരവും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ മാറ്റങ്ങള്‍ക്കൊപ്പം തന്നെ, നിയമങ്ങളിലെ വിവിധ പഴുതുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കാലം രാജ്യത്ത് തങ്ങുന്നത് തടയുവാനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്.
ഇതിനു പുറമെ, സുതാര്യമല്ലാത്ത റിക്രൂട്ടിംഗ് പ്രകിയ നടത്തിയതിന് 34 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസും അയച്ചിട്ടുണ്ട്. അവര്‍ കുറ്റക്കാരെന്ന് കാണ്ടെത്തിയാല്‍ കനത്ത പിഴ ഒടുക്കേണ്ടതായി വരും എന്ന് ആഭ്യന്തര കാര്യ മന്ത്രി ക്ലെയര്‍ ഓ നീല്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥക്ക് കാര്യമായി സംഭാവന ചെയ്യുന്നതാണ് ഇവിടത്തെ വിദ്യാഭ്യാസ മേഖല.വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏതാണ് 24 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ 2022 - 23 കാലഘട്ടത്തില്‍ ലഭിച്ചു എന്നാണ് കണക്കാക്കുന്നത്.
എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വാര്‍ദ്ധിച്ചതോടെ പാര്‍പ്പിട പ്രശ്നം ഗുരുതരമായി. രാജ്യത്താകമാനം വാടക നിരക്ക് കുതിച്ചു. 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ഒരു വര്‍ഷത്തില്‍ നെറ്റ് ഇമിഗ്രേഷന്‍ 5,48,800 ആയി ഉയര്‍ന്നു. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 60 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. ഇത് കുറയ്ക്കുന്നതിനായി അടുത്ത രണ്ടു വര്‍ഷക്കാലകൊണ്ട് കുടിയേറ്റക്കാരുടെ എണ്ണം പകുതിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവിധ വിസ നിയമങ്ങള്‍ പരിഷ്‌കാരിക്കുന്നത്.