ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍. എന്നാല്‍ അപകടം സ്ഥിരീകരിച്ചെങ്കിലും മരണം ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരില്‍ ആരും ജീവനോടെയുണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള അസര്‍ബൈജാന്‍ അതിര്‍ത്തിയ്ക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ തിരിച്ചിറക്കിയതാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ വിദേശകാര്യ മന്ത്രിയുള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്നതായാണ് വിവരം. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കനത്ത കാറ്റും മഴയും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇറാന്‍ പ്രസിഡന്റ്. അരാസ് നദിയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച മൂന്നാമത്തെ അണക്കെട്ടാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. മൂന്നു ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്നിം വാര്‍ത്താ ഏജന്‍സി പറഞ്ഞു.
1960-ല്‍ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലുമായിരുന്നശേഷമാണ് പ്രസിഡന്റായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.