ബിസിനസ്‌

രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി പൗണ്ട്; ഡോളറിനെതിരെ ഒരു വര്‍ഷത്തെ മികച്ച നില

യുകെ സമ്പദ് വ്യവസ്ഥ കരകയറുന്നതും പണപ്പെരുപ്പം രണ്ടുശതമാനത്തിലെത്തിയതും ലേബര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും പൗണ്ടിന് നേട്ടമായി. രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് മൂല്യമാണ് എത്തിയത്.
രൂപയ്‌ക്കെതിരെ 108.17 എന്ന നിലയിലാണ് പൗണ്ട്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്.

യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഡോളറിന് എതിരെ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ ആണ് പൗണ്ട്. ഡോളറിനെതിരെ മൂല്യം 1.29 ആയാണ് മുന്നോട്ട് പോയത്. ഈ വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം.

കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് പൗണ്ടിന്റെ മൂല്യം 1.30 ഡോളറിലേയ്ക്ക് എത്തുന്നത്. ഓഗസ്റ്റ് മാസത്തിലും പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കിടയില്‍ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം ഉയര്‍ന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ പുതിയ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കി.

ലിസ് ട്രസിന്റെ ദുരന്തമായി മിനി ബജറ്റിന് ശേഷം 1.04 ഡോളറിലേക്ക് റെക്കോര്‍ഡ് തകര്‍ച്ച നടത്തിയ ശേഷമാണ് ഈ ശക്തമായ തിരിച്ചുവരവ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്ന പ്രതീക്ഷ സജീവമാണ്.

യുകെയിലെ ഉയര്‍ന്ന പലിശ നിരക്കുകള്‍ കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനു കാരണമാകും. ഇത് മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പൗണ്ടിന്റെ മൂല്യം കൂടുതല്‍ ഉയര്‍ത്തുന്നതിന് സഹായകരമാകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. യുകെ നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന നിലപാടിലൂടെയാണ് കറന്‍സി വിപണികള്‍ പ്രതികരിച്ചത്.

നാട്ടിലേയ്ക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് പൗണ്ടിന്റെ മൂല്യം കൂടി നില്‍ക്കുന്നത് സന്തോഷകരമാണ്. എന്നാല്‍ ലോണെടുത്തു പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയുടെ മൂല്യം ഇടിയുന്നത് ഭാരമാണ്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions