ഹര്‍ജി തള്ളി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒരാഴ്ചത്തെ സമയമാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുവദിച്ചിട്ടുള്ളത്. ജസ്റ്റീസ് വിജി അരുണാണ് ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനിടയില്‍ അപ്പീല്‍ ഹര്‍ജിയുമായി സജി പാറയില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിന് ശേഷം പുറത്തുവരും. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.
കോടതി വിധി വന്നതോടെ റിപ്പോര്‍ട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരും. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷണറാണ് നേരത്തെ ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു നിര്‍ദ്ദേശം. ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.