റിപ്പോര്‍ട്ടിനെ പേടിയില്ല- നാല് മണിക്കൂറോളം ഹേമ കമ്മിറ്റിയോട് സംസാരിച്ചിരുന്നെന്ന് മുകേഷ്
ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂറോളം സംസാരിച്ചതാണെന്നും റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും നടനും എംഎല്‍എയുമായ മുകേഷ്. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഒന്നും സംഭവിക്കില്ല. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണം എന്നാണ് മുകേഷ് പറയുന്നത്.
മുകേഷിനെതിരെയടക്കം മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓഗസ്റ്റിന് 17ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് തൊട്ടു മുമ്പേ വെള്ളിയാഴ്ച നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുമ്പ് കോടതിയെ സമീപിക്കാത്ത ഹര്‍ജിക്കാരിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകൃതമായ ഡബ്ലിയു സി സി യുടെ ആവശ്യപ്രകാരം 2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറ് മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നില്ല.