വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (wcc) അംഗങ്ങള്‍ക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. പ്രശ്നങ്ങളും മറ്റും ചൂണ്ടികാണിച്ചാല്‍ പിന്നീട് നോട്ടപ്പുള്ളിയാവുമെന്നും, WCCയില്‍ അംഗത്വമെടുത്തതിന് ഒരു സിനിമയില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തില്‍ 233 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടില്‍ വെളിപ്പെടുമ്പോള്‍ എന്തുകൊണ്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന ശരിയായിരുന്നു എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായികൊണ്ടിരിക്കുന്നു.
കൂടാതെ ഐപിസി, പോഷ് ആക്ട് എന്നിവയനുസരിച്ച് കേസ് എടുക്കേണ്ട പല സംഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും അതിക്രമങ്ങള്‍ പുറത്തുപറയാത്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും സിനിമാ സെറ്റുകളില്‍ രാത്രി സമയത്ത് റൂമിന് പുറത്ത് വാതിലില്‍ നിരന്തരം മുട്ട് കേള്‍ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്’ എന്നാണ് വിളിക്കുന്നതെന്നും, അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നീ രണ്ട് വാക്കുകള്‍ സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതമാണെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
2017-ല്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്നാണ് ഇത്തരം പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, പദ്മപ്രിയ, ബീന പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാന്‍ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ 2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുന്‍ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.
വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെക്കണമെന്ന വ്യവസ്ഥയില്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റില്‍ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഹേമ കമ്മീഷന് മുന്‍പില്‍ പങ്കുവെച്ചത്