മണിക്കൂറില്‍ 175 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റ് ഫ്ലോറിഡയിലേക്ക് നീങ്ങുമ്പോള്‍ ആശങ്കയില്‍ ജനം. 'നൂറ്റാണ്ടിലെ കൊടുങ്കാറ്റി'ന്റെ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള നെട്ടോട്ടത്തിലാണ് അധികൃതരും ജനങ്ങളും. യുകെയില്‍ നിന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫ്ലോറിഡയിലേക്ക് പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി വിമാനകമ്പനികള്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ നിന്നും യുഎസ് സ്‌റ്റേറ്റില്‍ കുടുങ്ങിയ പ്രദേശവാസികളും, അവധിക്കാലം ആഘോഷിക്കാനെത്തിയവരോടും ഇനി രക്ഷപ്പെടാന്‍ സമയം ബാക്കിയില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാറ്റഗറി 5-ല്‍ പെട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ടാംപാ മേഖലയില്‍ നാശം വിതയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കുകയാണ് യുഎസ്. 15 അടി ഉയരമുള്ള വെള്ളപ്പൊക്കവും, മണിക്കൂറില്‍ 175 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റും ചേര്‍ന്ന് നഗരത്തെ നശിപ്പിക്കുമെന്നാണ് ഭീതി. സ്‌കൂളുകളും, ബിസിനസ്സുകളും അടച്ചുപൂട്ടി സ്റ്റേറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഭീതിദമായ ചുഴലിക്കാറ്റാകും വീശുകയെന്നാണ് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്.
മെക്‌സിക്കോ വഴി സഞ്ചരിക്കുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വരും വഴിയില്‍ തെരുവുകള്‍ വെള്ളത്തിലാക്കുകയും, മരങ്ങളുടെയും, പവര്‍ലൈനുകളുടെയും കടപുഴകുകയും ചെയ്തിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മില്‍ട്ടണ്‍ കാറ്റഗറി 5 കൊടുങ്കാറ്റായി പുനര്‍നിശ്ചയിച്ചത്. 175 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് വ്യക്തമായതോടെയാണ് ഇത്.
ലണ്ടനില്‍ നിന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി വിമാനകമ്പനികള്‍ വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകളും റദ്ദാക്കിയിട്ടുണ്ട്. രക്ഷപ്പെടുക അല്ലെങ്കില്‍ മരിക്കുക എന്ന ഭീഷണി ഉയര്‍ന്നതോടെ ഫ്ലോറിഡയില്‍ നിന്നും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ് ഭയചകിതരായ ജനങ്ങള്‍. എന്നാല്‍ ഇനി ഇതിനുള്ള സമയം ലഭിക്കാത്തവര്‍ കുടുങ്ങിയ നിലയിലാണ്.