വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപി (78) ന്റെ മുന്നേറ്റം. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. 538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന 10 സീറ്റുകള്‍കൂടി ചേര്‍ത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും.
തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയായി ട്രംപ്. ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റിലാണ് ജയിച്ചത്.നേരത്തെ, 2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. അന്ന് സെനറ്റില്‍ ഭൂരിപക്ഷം ഇല്ലായിരുന്നു.
ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരോലിന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. വെര്‍മോണ്ട്, മേരിലാന്‍ഡ്, കനക്ടികട്ട്, റോഡ് ഐലന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ കമല ഹാരിസും വിജയിച്ചു.
സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലിന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നത്. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലിന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും.
ന്യൂഹാംപ്‌ഷെയര്‍ സംസ്ഥാനത്തെ ഡിക്‌സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ഇവിടെ കമലാ ഹാരിസിനും ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. ട്രംപ് ഫ്‌ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ മെലാനിയ ട്രംപിനൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്. സ്വിങ് സ്‌റ്റേറ്റ്‌സ് കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും പ്രചാരണം. ബൈഡന്‍ ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്ന് ട്രംപ് ആരോപിക്കുമ്പോള്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാദം.