വിദേശം

ട്രംപ് 2.0

നാലുവര്‍ഷം മുമ്പ് ലോകത്തിനു മുന്നില്‍ പരിഹാസ്യനും വില്ലനുമൊക്കെയായി മാറിയ ഡൊണാള്‍ഡ് ട്രംപ് ഇന്ന് വിജയഭേരി മുഴക്കി ലോകത്തെ നോക്കി ചിരിക്കുകയാണ്. അമേരിക്കയില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ഏകപ്രസിഡന്റ് എന്ന കുപ്രസിദ്ധിയുള്ള ട്രംപിന് അമേരിക്കന്‍ ജനത വീണ്ടും അവസരം നല്‍കിയത് വര്‍ധിത വീര്യത്തോടെയാണ് . 2020ല്‍ വൈറ്റ് ഹൗസില്‍ നിന്ന് കഴുത്തിന് പിടിച്ചു പുറത്താക്കേണ്ട അവസ്ഥയിലാണ് ട്രംപ് പുറത്തേക്ക് ഇറങ്ങിയത്. അന്ന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ മടിച്ച ട്രംപ് തന്റെ അനുയായികളെ ഉപയോഗിച്ച് അക്രമം നടത്തുന്ന സ്ഥിതി വരെയുണ്ടായി. അമേരിക്കന്‍ തിരഞ്ഞെടുപ്പും ഭരണഘടനയും അട്ടിമറിക്കപ്പെടുമോയെന്ന് ലോകം ഉറ്റുനോക്കിയ അവസരത്തിലായിരുന്നു ട്രംപ് വല്ലവിധേനയും അധികാരമൊഴിഞ്ഞത്.

യുഎസ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിക്കാനൊരുങ്ങുമ്പോള്‍ അത് തടയാനാണ് ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചെത്തിയത്. ആഭ്യന്തര ഭീകരവാദമെന്നാണ് എഫ്ബിഐ സംഭവത്തെ കുറിച്ചു പ്രതികരിച്ചത്. താന്‍ ഇംപീച്ച് ചെയ്യപ്പെട്ട ദിവസം ട്രംപ് തന്റെ അനുകൂലികളോട് ക്യാപിറ്റോളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയുള്ള സംഘര്‍ഷത്തില്‍ 3 പൊലീസുകാരാും മൂന്ന് കലാപകാരികളും മരിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിക്കുകയും നിരവധി സംസ്ഥാനങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തു. എങ്ങനെ എല്ലാവരുടെയും മുമ്പില്‍ പരിഹാസപാത്രമായി ചരിത്രത്തിലേക്ക് എടുത്തെറിയപ്പെടും എന്ന് കരുതിയ ആളാണ് മൂന്നൊര കൊല്ലത്തിന് ശേഷം അവിശ്വസനീയ തിരിച്ച് വരവിലൂടെ ചരിത്രത്തിലിടം നേടിയിരിക്കുന്നത്

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്ലാ മേഖലയിലും വിജയിച്ചെത്തിയ ട്രംപിന്റെ വിജയം അപ്രതീക്ഷിതം തന്നെയാണ്. 2016ല്‍ പോപ്പുലര്‍ വോട്ടുകള്‍ കുറവായിട്ടും ഇലക്ടറല്‍ വോട്ടുകളുടെ ബലത്തിലാണ് ട്രംപ് അധികാരം പിടിച്ചത്. യുഎസ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വോട്ടുകള്‍ ഇലക്ടറല്‍ വോട്ടുകളുടെയത്രയും നിര്‍ണായകമല്ല. ജനങ്ങളുടെ പോപ്പുലര്‍ വോട്ടുകളില്‍ പിന്നോട്ട് പോയാലും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥിയാകും പ്രസിഡന്റാവുക.

2016ല്‍ പോപ്പുലര്‍ വോട്ടുകളില്‍ പിന്നില്‍ പോയിട്ടും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് ഇലക്ടറല്‍ വോട്ടുകളില്‍ മുന്നേറിയാണ്. സാധാരണഗതിയില്‍ ഇലക്ടറല്‍ വോട്ടുകള്‍ പോപ്പുലര്‍ വോട്ടിനൊപ്പം ചേര്‍ന്ന് പോകുന്ന രീതിയാണ് യുഎസില്‍ കണ്ടുവരുന്നത്. വലിയ സംസ്ഥാനത്ത് കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ തീര്‍ച്ചയായും കൂടുതല്‍ ഉണ്ടാകും. ഒരു സ്ഥാനാര്‍ത്ഥിക്ക് ചെറിയ സംസ്ഥാനങ്ങളില്‍ വലിയ മാര്‍ജിനുകളോടെ ധാരാളം പോപ്പുലര്‍ വോട്ടുകള്‍ ശേഖരിക്കാന്‍ കഴിയുമെങ്കിലും അവിടെ ഇലക്ടറല്‍ വോട്ടുകള്‍ കുറവായിരിക്കും. അതേസമയം എതിരാളിക്ക് വലിയ സംസ്ഥാനങ്ങളില്‍ ആവശ്യമായ പോപ്പുലര്‍ വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുണ്ടാവകയുള്ളുവെങ്കിലും ധാരാളം ഇലക്ടറല്‍ വോട്ടുകള്‍ നേടി അതുവഴി വിജയിക്കാന്‍ കഴിയും. ജനകീയ വോട്ട് നഷ്ടപ്പെട്ടാലും ഇത്തരത്തില്‍ ഇലക്ടറല്‍ കോളേജില്‍ വിജയിക്കുക വഴി പ്രസിഡന്റാകാം. അങ്ങനെയാണ് 2016ല്‍ 270 എന്ന മാജിക് നമ്പറിനപ്പുറം 538ല്‍ 304 ഇലക്ടറല്‍ വോട്ടുകള്‍ നേടി ഹിലരി ക്ലിന്റണെ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയത്.

ഇക്കുറി പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും യുഎസ് സെനറ്റിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങി വരവ്. ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കും മുമ്പേ ട്രംപ് തന്റെ പെല്‍മാ ബീച്ചിലെ വാച്ച് പാര്‍ട്ടിയില്‍ റിപ്പബ്ലിക്കന്‍സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു സന്തോഷം പങ്കിട്ടതും ചരിത്ര ജയമെന്ന് പറഞ്ഞതും പോപ്പുലര്‍ വോട്ടില്‍ നേടിയ വിജയം കൂടി എടുത്തുപറഞ്ഞാണ്. ട്രംപിന് നേരെയുണ്ടായ വധശ്രമവും ട്രംപിന്റെ പ്രതികരണവും അനധികൃത കുടിയേറ്റത്തിനെതിരായ പ്രസംഗവുമെല്ലാം വിജയത്തിലേക്കുള്ള പടിയായി. മിഷിഗണിലടക്കം മുസ്ലിം വോട്ടുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരീസിന് നഷ്ടമായതും ട്രംപിന്റെ വിജയത്തിനാക്കം കൂട്ടി. മിഡില്‍ ഈസ്റ്റിലെ യുദ്ധങ്ങളില്‍ അമേരിക്കയുടെ സ്വാധീനമാണ് നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ മിഷിഗണ്‍ മുസ്ലീമുകളുടെ വികാരത്തിന് പിന്നില്‍. അമേരിക്ക, അമേരിക്കക്കാരുടെ സുരക്ഷ, കുടിയേറ്റക്കാരുടെ കടന്നുകയറ്റവും ദേശീയ സുരക്ഷ പ്രയോഗവും അമേരിക്കയ്ക്ക് വേണ്ടിയുള്ള ഡോളര്‍ ചെലവാക്കല്‍ പ്രസംഗവുമെല്ലാം ട്രംപിന്റെ പ്രചാരണത്തിലെ പ്രധാന ആയുധങ്ങളായിരുന്നു.


കഴിഞ്ഞ തവണ ഡെമോക്രാറ്റുകളെ തുണച്ച സ്വിങ് സ്‌റ്റേറ്റുകള്‍ അഥവാ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇക്കുറി ട്രംപിനൊപ്പം നിന്നു. 20 വര്‍ഷത്തിനിടെ രണ്ടാം തവണ അധികാരത്തിലെത്തുന്ന രണ്ടാമത്തെ റിപ്പബ്ലിക്കന്‍ നേതാവായിരിക്കുകയാണ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ്ജ് ഡബ്ല്‌യു ബുഷാണ് ഇതിന് മുമ്പ് രണ്ട് വട്ടം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2001 മുതല്‍ 2009 വരെ തുടര്‍ച്ചയായി ബുഷ് പ്രസിഡന്റായിരുന്നു. 78 വയസുകാരന്‍ ഡൊണാള്‍ഡ് ട്രംപ് അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്റായി. ജോ ബൈഡനും 78ാം വയസിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയുമായുള്ള ബന്ധം
ട്രംപ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം എപ്രകാരമായിരിക്കും? വ്യാപാരം, കുടിയേറ്റം, സൈനിക സഹകരണം, നയതന്ത്രം എന്നീ മേഖലകളില്‍ യുഎസിന്റെ പ്രധാന നയതന്ത്ര പങ്കാളിയെന്ന നിലയില്‍ ഇന്ത്യക്ക് അവസരങ്ങളും വെല്ലുവിളികളും ഉണ്ടാവും.

രണ്ടാം ടേമില്‍, ഇന്ത്യയുള്‍പ്പെടെയുള്ള പങ്കാളികളുമായുള്ള പരമ്പരാഗത സഖ്യങ്ങളും കരാറുകളും ട്രംപ് പരിഷ്‌‌കരിക്കുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാദ്ധ്യതകളും ഏറെയാണ്.

ഇന്ത്യ -യുഎസ് വ്യാപാര ബന്ധത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് കൂടുതലായും നിരീക്ഷിക്കപ്പെടുന്നത്. അധികാരത്തിലെത്തിയാല്‍ വിദേശ ഉത്‌പന്നങ്ങളുടെ താരിഫ് ഉയത്തുമെന്നും റെസിപ്രോക്കല്‍ ടാക്‌സ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

ട്രംപ് മുന്നോട്ട് വയ്ക്കുന്ന താരിഫ് നയങ്ങള്‍ യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌സ്റ്റൈല്‍ മേഖലകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം, ചൈനയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ട്രംപിന്റെ നയങ്ങള്‍ ഇന്ത്യക്ക് ഗുണമാകും. ചൈനയില്‍ നിന്ന് വിതരണ ശൃംഖലകള്‍ വൈവിദ്ധ്യവത്കരിക്കാന്‍ ലക്ഷ്യമിടുന്ന യുഎസ് ബിസിനസുകളെ ആകര്‍ഷിക്കുന്ന ഒരു ഉല്‍പ്പാദന കേന്ദ്രമായി സ്വയം സ്ഥാപിക്കുന്നതിന് ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ വഴികള്‍ തുറക്കും.

കുടിയേറ്റം


ഇമിഗ്രേഷനില്‍, പ്രധാനമായും എച്ച് 1 ബി വിസ പ്രോഗ്രാം എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ട്രംപ് നിലപാട് യുഎസ് പഠനം, തൊഴില്‍ എന്നിവ സ്വപ്നം കാണുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കാം. വിദേശ തൊഴിലാളികളുടെ വേതന ആവശ്യകതകള്‍ വര്‍ദ്ധിപ്പിക്കാനും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആദ്യ ടേമില്‍ ട്രംപ് ശ്രമിച്ചു. ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു.

സൈനിക സഹകരണം


ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആണിക്കല്ലുകളാണ് പ്രതിരോധവും സൈനിക സഹകരണവും. ക്രിട്ടിക്കല്‍ ആന്റ് എമര്‍ജിംഗ് ടെക്‌നോളജി (ഐസിഇടി) സംരംഭങ്ങള്‍ , ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജിഇ-എച്ച്എഎല്‍ കരാര്‍ തുടങ്ങിയ പ്രതിരോധ ഇടപാടുകള്‍ ജോ ബൈഡന്റെ ഭരണത്തിന് കീഴിലുള്ള ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഹൈലൈറ്റുകളാണ്. ഇന്‍ഡോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനത്തെ ചെറുക്കുക എന്ന ലക്ഷ്യം പങ്കിടുന്നവരാണ് ഇരുരാജ്യങ്ങളും. അതേസമയം, സൈനിക സഹകരണം തുടരാമെങ്കിലും, സൈനിക ഉടമ്പടികളുടെ കാര്യത്തിലും സമാനമായ ജാഗ്രതാപരമായ സമീപനം സ്വീകരിച്ചേക്കാമെന്ന് നാറ്റോയോടുള്ള ട്രംപിന്റെ നിലപാട് സൂചിപ്പിക്കുന്നു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions