ജര്‍മനിയില്‍ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി കാര്‍ ഓടിച്ചുകയറ്റി; 2 മരണം; 70 പേര്‍ക്ക് പരുക്ക്
ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. എഴുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു.
മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. അക്രമി സൗദിയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായി ജര്‍മ്മനിയിലെത്തിയ 50 കാരനായ അല്‍ അബ്ദുല്‍ മൊഹ്‌സീന്‍ മനശാസ്ത്രജ്ഞനാണ്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് തോക്ക് ചൂണ്ടിയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.
ബേണ്‍ബര്‍ഗ് എന്ന സ്ഥലത്താണ് ഇയാള്‍ താമസിക്കുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് സൗദിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരെ പ്രത്യേകിച്ച് സ്ത്രീകളെ ഇയാള്‍ സഹായിക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പരിശീലനത്തിനായി ജര്‍മ്മനിയില്‍ എത്തിയ മൊഹ്സിന്‍ പിന്നീട് അവിടെ സ്ഥിര താമസമാക്കുകയായിരുന്നു. സൗദി അറേബ്യയില്‍ നിന്ന് രാഷ്ട്രീയ അഭയം തേടി എത്തുന്ന പലരേയും ജര്‍മ്മനി അവഗണിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ ഇയാള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.
സംഭവത്തില്‍ സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രാലയം ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു കറുത്ത കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ പാഞ്ഞുകയറുന്നതും ആളുകള്‍ നിമിഷ നേരം കൊണ്ട് ചിതറിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും പ്രദേശത്ത് അതിശക്തമായ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും ജര്‍മന്‍ പൊലീസ് അറിയിച്ചു.
140 സ്റ്റാളുകളിലേറെ ഉണ്ടായിരുന്ന പ്രശസ്തമായ ക്രിസ്മസ് മാര്‍ക്കറ്റില്‍ അപകടം നടക്കുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. മാര്‍ക്കറ്റ് ആക്രമണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു.