കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് 38 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാല്‍, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്.
വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്നുവീണ വിമാനത്തില്‍ വെടിയുണ്ടകളുടേതിന് സമാനമായ പാടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. യുക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത് തകര്‍ത്തതാകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അക്തുവില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.
എംബ്രയര്‍ 190 എന്ന വിമാനം അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വിമാനം അഗ്‌നിഗോളമായി നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്ത് തട്ടിയ ശേഷം തീപിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ 42 പേര്‍ അസര്‍ബൈജാന്‍ പൗരന്മാരാണ്. 16 റഷ്യന്‍ പൗരന്മാരും ആറ് കസാഖിസ്ഥാന്‍ പൗരന്‍മാരും മൂന്ന് കിര്‍ഗിസ്ഥാന്‍ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.