അസോസിയേഷന്‍

'യുക്മ'ക്ക് നവ നേതൃത്വം; അഡ്വ.എബി സെബാസ്റ്റ്യന്‍ പ്രസിഡന്റ്; ജയകുമാര്‍ നായര്‍ ജനറല്‍ സെക്രട്ടറി, ഷീജോ വര്‍ഗീസ് ട്രഷറര്‍

യുകെയിലെ ഏറ്റവും വലിയ സംഘടനയായ യുക്മയ്ക്ക് ഇനി നവ നേതൃത്വം. പ്രസിഡന്റായി അഡ്വ എബി സെബാസ്റ്റ്യനേയും ജനറല്‍ സെക്രട്ടറിയായി ജയകുമാര്‍ നായരേയും ട്രഷററായി ഷിജോ വര്‍ഗീസിനേയും തെരഞ്ഞെടുത്തു.

എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകള്‍ നിറവേറ്റി. റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്കുകള്‍ വായിച്ച് പാസാക്കി. തുടര്‍ന്ന് അത്യാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു.


ഉച്ചക്ക് 12 മണി മുതല്‍ നിലവിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ.ബിജു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ കമ്മിറ്റിയെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു. റിപ്പോര്‍ട്ട് അവതരിപ്പിച്ച് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ സൗഹാര്‍ദ്ദപരവും ഉചിതവുമായ തീരുമാനങ്ങളിലൂടെ എല്ലാ ഭാരവാഹികള്‍ തമ്മിലും അംഗ അസോസിയേഷനുകള്‍ തമ്മിലും വളരെ മികച്ച ബന്ധമാണ് സ്ഥാനമൊഴിയുന്ന കമ്മിറ്റി പിന്‍തുടര്‍ന്ന് വന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ട് പൊതുയോഗം ഐകകണ്ഡേന അംഗീകരിച്ചു. തുടര്‍ന്ന് ട്രഷറര്‍ ഡിക്‌സ് ജോര്‍ജ് കണക്ക് അവതരിപ്പിച്ചു സംസാരിച്ചു. പ്രസിഡന്റ്, സെക്രട്ടറി മറ്റ് ഭാരവാഹികള്‍ എന്നിവരില്‍ നിന്നും ലഭിച്ച വലിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.


തുടര്‍ന്ന് യോഗം അടിയന്തിരമായി തീരുമാനമെടുക്കേണ്ട മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു. ദേശീയ സമിതിയിലെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മെമന്റോകള്‍ സമ്മാനിച്ചു.

വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയുടെ നന്ദി പ്രസംഗത്തോടെ എട്ടാമത് ദേശീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു യോഗം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.

ഉച്ചഭക്ഷണശേഷം നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ കുര്യന്‍ ജോര്‍ജ്, അംഗങ്ങളായ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനിച്ച ദേശീയ ഭാരവാഹികളുടെ ലിസ്റ്റ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവസരവും, നോമിനേഷന്‍ സമര്‍പ്പിക്കുവാനുള്ള സമയവും അനുവദിച്ചു. സമയപരിധി അവസാനിച്ചപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഒഴികെ മറ്റാരും പത്രിക നല്‍കാതിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കുര്യന്‍ ജോര്‍ജ് ഭാരവാഹികളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്ത ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കുര്യന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.


2025 - 2027 വര്‍ഷത്തേക്കുള്ള യുക്മയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (ഡാര്‍ട്ട്‌ഫോര്‍ഡ്, സൗത്ത് ഈസ്റ്റ്) ജനറല്‍ സെക്രട്ടറിയായി ജയകുമാര്‍ നായര്‍ (വെനെസ്ഫീല്‍ഡ്, മിഡ്‌ലാന്‍ഡ്‌സ്), ട്രഷററായി ഷിജോ വര്‍ഗീസ് (വാറിംഗ്ടണ്‍, നോര്‍ത്ത് വെസ്റ്റ്), വൈസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ ( ഷെഫീല്‍ഡ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍) സ്മിതാ തോട്ടം (സട്ടന്‍ കോള്‍ഫീല്‍ഡ്, മിഡ്‌ലാന്‍ഡ്‌സ്), ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി (വാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ആംഗ്ലിയ), റെയ്‌മോള്‍ നിധിരി (സ്വിന്‍ഡന്‍, സൗത്ത് വെസ്റ്റ് ), ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ (അബര്‍സ്വിത്ത്, വെയില്‍സ്) എന്നിവരെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം ഐകകണ്ഡേന തിരഞ്ഞെടുത്തത്.


തുടര്‍ന്ന് സ്ഥാനമേറ്റ പുതിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതിയുടെ യോഗം അടിയന്തര പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുത്തു. പുതിയ കമ്മിറ്റിക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, ബേസിംഗ്‌സ്റ്റോക് സിറ്റി കൗണ്‍സിലറും മുന്‍ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ അഡൈ്വസറി ബോര്‍ഡ് മെംബര്‍ തമ്പി ജോസ് തുടങ്ങിയവര്‍ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. മുന്‍ ജനറല്‍ സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷണറുമായ അലക്‌സ് വര്‍ഗീസിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

ഡോ ബിജു പെരിങ്ങത്തറയുടെയും മറ്റ് ഭാരവാഹികളുടേയും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. സമ്മര്‍ദ്ദങ്ങളില്ലാതെ ചിട്ടയോടെ അഭിമാനകരമായ മുന്നേറ്റം യുക്മ നടത്തിയതിന് പിന്നില്‍ ഡോ ബിജു പെരിങ്ങത്തറയുടേയും ഭാരവാഹികളുടേയും അര്‍പ്പണ മനോഭാവമാണ്. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ എബി സെബാസ്റ്റ്യനും യുക്മയുടെ ആദ്യകാലം മുതലേ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ്. നേതൃ നിരയിലില്ലാതെ പിന്നണിയില്‍ നിന്ന് എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ചിരുന്ന അഡ്വ എബി സെബാസ്റ്റ്യന്‍ തന്റെ ഇത്രയും കാലത്തെ അനുഭവ പരിചയം യുക്മയുടെ പുരോഗതിയ്ക്കായി വിനിയോഗിക്കുമെന്നുറപ്പാണ്. യുകെയിലെ നഴ്‌സുമാരുടെ ഉള്‍പ്പെടെ വിഷയങ്ങളില്‍ യുക്മയുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമായ സാഹചര്യത്തില്‍ പുതിയ നേതൃത്വം വലിയൊരു ഉത്തരവാദിത്വം കൂടിയാണ് ഏറ്റെടുക്കുന്നത്.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions