വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദിവംഗതനായി. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ വിശ്രമത്തിലായിരുന്നു.
ഇന്ന് രാവിലെ 7:35 ന് റോമിലെ ബിഷപ്പ് ഫ്രാന്‍സിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചിരുന്നുവെന്ന് ഫാരെല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ആദ്യ മാര്‍പാപ്പ. ലളിത ജീവിതംകൊണ്ട് മാതൃക കാണിച്ച മാര്‍പാപ്പയായിരുന്നു ഫ്രന്‍സിസ് മാര്‍പാപ്പ.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
ബ്യൂണസ് അയേഴ്സില്‍ ഇറ്റലിയില്‍ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍17ന് ആണ് ബെര്‍ഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
ജീവിതത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് ഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു.