വിദേശം

ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍

കാലദേശങ്ങള്‍ക്ക് അതീതമായി മാലോകരുടെ ആദരവും പ്രീതിയും സ്നേഹവും പിടിച്ചു പറ്റിയ ഫ്രാന്‍സിസ് പാപ്പ
ഇനി നിത്യതയില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം ഹൃദയഭേദകമായ വിടനല്‍കി . മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം എട്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു വിലാപയാത്ര. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്കാരം നടത്തുന്നത്.

പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങള്‍ അടങ്ങിയ സഞ്ചിയും മാര്‍പാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളില്‍ വച്ചു.

കത്തോലിക്കാ സഭയുടെ കാമര്‍ലെംഗോയും (വസ്തുവകകളുടെ ചുമതലക്കാരന്‍) അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാളുമായ കെവിന്‍ ഫാരലിന്റെ മുഖ്യകാര്‍മികത്വത്തില്‍, മുതിര്‍ന്ന കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേര്‍ പാപ്പയെ അവസാനമായി കാണാനായി എത്തി. സംസ്കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പതന്നെ താല്‍പര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാ‍ര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

സംസ്കാര ദിവ്യബലിയില്‍ പ്രമുഖ ലോകനേതാക്കള്‍ പങ്കെടുക്കും. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യകാര്‍മികത്വം വഹിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് എമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ സഹകാര്‍മികരാകും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്കാരച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട് . കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും എത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹവിയര്‍ മിലൈ, ഫിലിപ്പീന്‍സ് പ്രസി‍ഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍കസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കുന്നു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions