ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം ആകെ താളംതെറ്റി. മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കനത്ത ഭീതിയിലാണ്. ഇസ്രയേലിന്റെ തന്ത്രപ്രധാന നഗരമായ ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ നതാന്‍സിലുള്ള ആണവ കേന്ദ്രം ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണിന് പിന്നാലെ, ഇസ്രായേലിന്റെ ഏറ്റവും കനത്ത സുരക്ഷയുള്ള സൈനിക കേന്ദ്രങ്ങളിലൊന്നായ ടെല്‍ അവീവിലെ കിരിയ കോമ്പൗണ്ട് ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി വൈകിയും ഇറാന്‍ ശക്തമായ ആക്രമണം നടത്തി. ഇസ്രായേലിന്റെ ‘പെന്റഗണ്‍’ എന്നറിയപ്പെടുന്ന കിരിയയില്‍, ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ജനറല്‍ സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം, നിര്‍ണായക സൈനിക കമാന്‍ഡ്, ഇന്റലിജന്‍സ് യൂണിറ്റുകള്‍ എന്നിവയുണ്ട്. ഇവ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്.
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് ത്രീ എന്ന പേരിലാണ് ഇറാന്‍ പ്രത്യാക്രമണം നടത്തുന്നത്.