ടെഹ്‌റാന്‍/ടെല്‍ അവീവ്: ഇസ്രയേല്‍- ഇറാന്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുതിപ്പ്. യുദ്ധം നീണ്ടുനിന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കു കനത്ത തിരിച്ചടിയാകും. ബ്രെന്റ് ക്രൂഡിന്റെ വില 10% ത്തിലധികം ഉയര്‍ന്ന് ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് അടയ്‌ക്കുമെന്ന ഇറാന്റെ ഭീഷണിയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്‌ച മാത്രം ഏഴ് ശതമാനമാണ് ഉയര്‍ന്നത്. ബാരലിന് 74.23 ഡോളറാണ് ഇപ്പോള്‍ വിപണി വില. റഷ്യയുടെ യുൈക്രന്‍ ആക്രമണത്തെ തുടര്‍ന്ന് 2022 ല്‍ എണ്ണ വില ബാരലിന് 100 ഡോളറിലധികം ഉയര്‍ന്നിരുന്നു. യുദ്ധം ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരി വിപണികളെയും ബാധിച്ചു. ജപ്പാനിലെ നിക്കേയി ഷെയര്‍ സൂചിക 0.9% കുറഞ്ഞു. ബ്രിട്ടന്റെ എഫ്.ടി.എസ്.ഇ. 100 സൂചിക 0.39% കുറഞ്ഞു.
അമേരിക്കയിലെ ഓഹരി വിപണികളും ഇടിഞ്ഞു. ഡൗ ജോണ്‍സ് ഇന്‍ഡസ്‌ട്രിയല്‍ ആവറേജ് 1.79% കുറഞ്ഞപ്പോള്‍ എസ് ആന്‍ഡ് പി 500 0.69% കുറഞ്ഞു.
സ്വര്‍ണം, സ്വിസ് ഫ്രാങ്ക് എന്നിവ പോലുള്ള 'സുരക്ഷിത ആസ്‌തികള്‍' നേട്ടം കൈവരിച്ചു. സ്വര്‍ണ വില രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി, 1.2% ഉയര്‍ന്ന് ഔണ്‍സിന് 3,423.30 ഡോളര്‍ ആയി.
ഇറാന്റെ എണ്ണ ഉത്‌പാദനത്തെയും കയറ്റുമതി സൗകര്യങ്ങളെയും ഇസ്രയേല്‍ ലക്ഷ്യമാക്കിയാല്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളര്‍ വരെ വില ഉയരാമെന്ന് കാപ്പിറ്റല്‍ ഇക്കണോമിക്‌സിലെ വിശകലന വിദഗ്‌ധര്‍ പറഞ്ഞു.
ഇറാനില്‍നിന്നുള്ള എണ്ണയുടെ ഭൂരിഭാഗവും അവര്‍ ഇറക്കുമതി ചെയ്യുന്ന അവശ്യ സാധനങ്ങളും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അത് അടച്ചാല്‍ ഇറാന്റെ സമ്പദ്‌വ്യവസ്‌ഥയെയും ബാധിക്കും. ചൈന പോലുള്ള പ്രധാന പങ്കാളികളുമായി അവര്‍ക്കു വ്യാപാരം നടത്താന്‍ കഴിയാതെയാകുകയും ചെയ്യും. ഇറാനില്‍നിന്നുള്ള 75 ശതമാനത്തിലധികം അസംസ്‌കൃത എണ്ണയും വാങ്ങുന്നത് ചൈനയാണ്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ ഗതാഗത മാര്‍ഗങ്ങളിലൊന്നാണു ഹോര്‍മൂസ്. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ ഏകദേശം അഞ്ചിലൊരു ഭാഗവും അതുവഴിയാണു കടന്നുപോകുന്നത്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയും ബ്രിട്ടീഷ്, ഫ്രഞ്ച് സഖ്യകക്ഷികളും അവിടെ പട്രോളിംഗ് നടത്തുന്നുണ്ട്. ഇറാന്‍ ഇടപെട്ടാല്‍ പാശ്‌ചാത്യ രാജ്യങ്ങള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. മുമ്പും ഇറാന്‍ മുമ്പ് ഇത്തരത്തിലുള്ള ഭീഷണികള്‍ ഉന്നയിച്ചിട്ടുണ്ട് എന്നാല്‍ ഒരിക്കലും അത് നടപ്പിലാക്കിയിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്കുള്ള മൂന്നിലൊന്ന് അസംസ്‌കൃത എണ്ണയും പകുതിയിലധികം എല്‍.എന്‍.ജിയും ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത്.