ഇറാന് രണ്ടാഴ്ചത്തെ അന്ത്യശാസനം നല്‍കിയ അമേരിക്ക അതിനു മുമ്പ് തന്നെ ആക്രമണവുമായി രംഗത്ത്. ഇറാനിലെ മൂന്ന് ആണവ നിലയങ്ങള്‍ യുഎസ് ആക്രമിച്ചു. ഇറാന്‍ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് എതിരെ നടത്തിയ അക്രമങ്ങള്‍ വന്‍ സൈനിക വിജയമായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി തരിപ്പണമാക്കിയെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇസ്രയേലുമായി സമാധാനം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ മാറുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. വളരെ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന്
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഉഗ്ര പ്രഹര ശേഷിയുള്ള യുഎസ് വ്യോമസേന ബി 2 ബോംബര്‍ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.
'മിഡില്‍ ഈസ്റ്റിലെ വികൃതിയായ ഇറാന്‍ ഇനി സമാധാനത്തിന്റെ വഴിയില്‍ വരണം. അതിന് തയ്യാറായില്ലെങ്കില്‍ ഭാവിയിലെ അക്രമങ്ങള്‍ കൂടുതല്‍ വലുതും, കൂടുതല്‍ എളുപ്പവുമാകും', ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സുപ്രധാനമായ ഫോര്‍ഡോവ് ബങ്കറും, നതാന്‍സ്, എസ്ഫഹാന്‍ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ഉപയോഗിച്ചത്.
ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വ്യോമപാത വിട്ടുകഴിഞ്ഞെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഒരാഴ്ചയിലേറെയായി ഇറാനും, ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം പുരോഗമിക്കുന്നതിനിടെയാണ് യുഎസ് നേരിട്ട് ഇടപെടുന്നത്. രണ്ടാഴ്ച കൂടി സമയം അനുവദിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ഈ സര്‍പ്രൈസ് നീക്കം.
എസിന്റെ സുപ്രധാനമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും നടപടിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇറാന്റെ സുപ്രധാന ഫോര്‍ദോ ആണവ കേന്ദ്രത്തിലാണ് ഇത് പ്രയോഗിച്ചത്. മറ്റ് രണ്ട് ആണവ കേന്ദ്രങ്ങള്‍ 400 മൈല്‍ അകലെയുള്ള യുഎസ് അന്തര്‍വാഹിനികളില്‍ നിന്നും 30 ടോമാഹോക് മിസൈലുകള്‍ അയച്ചാണ് തകര്‍ത്തത്.
യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യുഎസ് രഹസ്യാന്വേഷണ മേധാവി തുള്‍സി ഗാബാര്‍ഡ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്.
ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിര്‍വ്യാപന കരാറിന്റെയും ലംഘനമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചി. അമേരിക്കയുടെ ക്രിമിനല്‍ നടപടിക്കെതിരെ എന്നും നിലനില്‍ക്കുന്ന രീതിയിലുള്ള ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സില്‍ മുന്നറിയിപ്പ് നല്‍കി.
ഐക്യരാഷ്ട്ര സംഘടനയിലെ ഓരോ അംഗവും ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ ക്രിമിനല്‍ നടപടിയില്‍ ആശങ്കപ്പെടേണ്ടതുണ്ട്. ഓരോ രാജ്യവും അമേരിക്കയുടെ ഈ നടപടിയെ കരുതിയിരിക്കണം. യു എന്‍ ചാര്‍ട്ടര്‍ അനുസരിച്ചുള്ള പ്രതിരോധത്തിന് ഇറാന് അവകാശമുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാന്‍ വിനിയോഗിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.