വിദേശം

ഖത്തറും ബഹ്‌റൈനും വ്യോമപാത തുറന്നു; ദുബായ് വിമാനത്താവളവും സാധാരണ നിലയില്‍, പ്രവാസികള്‍ക്ക് ആശ്വാസം

ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് അടച്ച വ്യോമ പാത തുറന്നു ഖത്തറും ബഹ്‌റൈനും കുവൈറ്റും. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി. ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ പ്രസ്താവനയോടെയാണ് സംഘര്‍ഷ സ്ഥിതി മാറിയത്.

ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ വ്യോമപാത തുറന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം - അബുദാബി എത്തിഹാദ്, തിരുവനന്തപുരം - ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും.

എന്നാല്‍ ഖത്തര്‍ വ്യോമപാതയില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എട്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അഞ്ച് വിമാനങ്ങളും ഖത്തര്‍ എയര്‍വെസിന്റെയും കുവൈത്ത് എയര്‍വേയ്സിന്റെയും ഇന്‍ഡിഗോയുടെയും ഓരോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ AI 953 കൊച്ചി ദോഹ, AI 933 കൊച്ചി - ദുബായ്, A1 934 ദുബായ് - കൊച്ചി എന്നീ വിമാനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 441 കൊച്ചി - മസ്‌ക്കറ്റ്, IX 475 കൊച്ചി - ദോഹ, IX 461 കൊച്ചി -കുവൈത്ത് എന്നീ വിമാനങ്ങളുമാണ് കൊച്ചിയില്‍ നിന്ന് റദ്ദാക്കിയത്. 8.15 ന് പുറപ്പെടേണ്ട IX 954 - കുവൈത്ത് - കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 9.55 ന് പുറപ്പെടും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദോഹ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ബഹ്റൈന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദുബൈ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - റാസല്‍ ഖൈമ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - റിയാദ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദമാം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - അബുദാബി, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - മസ്‌കറ്റ് എന്നീ വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്.

'ബഷാരത്ത് അല്‍ ഫത്തേ' എന്ന ഓപ്പറേഷന്‍ ഇറാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഖത്തറടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചത്. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ഖത്തറിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി.

അതേസമയം ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ധാരണയായിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിലും ധാരണയില്ലെന്നും അന്തിമ തീരുമാനം പിന്നീടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ജനതയ്ക്കെതിരായ ആക്രമണം നിര്‍ത്തിയാല്‍ ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അരഗ്ചി പറഞ്ഞു.

ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണത്തെതുടര്‍ന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്‌ളൈ ദുബായ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു..

താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം എക്സില്‍ കുറിച്ചു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ആറ് മിസൈലുകള്‍ വിക്ഷേപിച്ചതായാണ് പ്രാഥമിക വിവരം. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരരോട് വീടിനുള്ളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു. ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്.

അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.'ബശാഇര്‍ അല്‍ ഫതഹ്' എന്ന് പേരിട്ടാണ് അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം നടത്തിയത്. ആക്രമണം ഖത്തറും ഇറാനും സ്ഥിരീകരിച്ചു.

ജനവാസ മേഖലയില്‍ മിസൈല്‍ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല. ആളപായമോ, പരിക്കോ ഇല്ലെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തറിന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയിലെ മരുഭൂമിയിലാണ് അല്‍ ഉദൈദ് അമേരിക്കന്‍ വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അമേരിക്ക അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍പറത്തി ഫോര്‍ദോ ഉള്‍പ്പെടെയുള്ള മൂന്നു ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഖത്തറിലെ യു.എസിന്റെ വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്.

അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions