ഇറാനും, ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ച കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ മിസൈലുകള്‍ തൊടുക്കുകയും, രണ്ട് ദിവസം മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ യുഎസ് ഇറാന്റെ ആണവ ലാബുകള്‍ ബോംബിടുകയും ചെയ്ത ശേഷമാണ് ഈ നാടകീയ പ്രഖ്യാപനം.
12 ദിവസം നീണ്ട യുദ്ധം 24 മണിക്കൂറില്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാല്‍ ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും, ഇറാന്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ സൈനിക ബേസ് അക്രമിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രഖ്യാപനം.
ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വഴി ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും, ഇറാനും തമ്മില്‍ കരാറില്‍ എത്തിച്ചേര്‍ന്നുവോയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും നടപടിയില്‍ ഉള്‍പ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും, നിലവില്‍ നടന്നുവരുന്ന മിഷനുകള്‍ അവസാനിച്ചാല്‍ വെടിനിര്‍ത്തല്‍ നിലവിലെത്തുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.
അതിനിടെ, ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലും ഇറാനും വീണ്ടും മിസൈലാക്രമണം നടത്തിയിരുന്നു.