ഇംഗ്ലണ്ടിലെ ജനങ്ങളുടെ മാനസികാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധന ഉണ്ടെന്നാണ് എന്‍എച്ച്എസ് നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടത്. ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് അതായത് 25 ശതമാനം പേര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മാനസിക വൈകല്യങ്ങള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുവാക്കളെക്കാള്‍ യുവതികളിലാണ് മാനസിക പ്രശ്നങ്ങള്‍ കൂടുതല്‍ ഉള്ളത്. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരില്‍ ഇത്തരം അവസ്ഥകളുടെ നിരക്ക് ഒരു ദശാബ്ദത്തിനുള്ളില്‍ വലിയ തോതില്‍ വര്‍ധിച്ചതായി ആണ് സര്‍വേ ഫലം കാണിക്കുന്നത്. 2014 -ല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം 18.9 ശതമാനമായിരുന്നത് 2024 ആയപ്പോള്‍ 25.8 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ മുതിര്‍ന്ന സ്ത്രീകളില്‍ പാനിക് ഡിസോര്‍ഡര്‍, ഫോബിയകള്‍, ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവയും ഉള്‍പ്പെടുന്ന പ്രശ്നബാധിതരുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്. 36. 1 ശതമാനം സ്ത്രീകള്‍ ആണ് ഈ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതെന്ന് സര്‍വേയിലെ പ്രധാന ഗവേഷകരിലൊരാളായ സാലി മക്മാനസ് പറയുന്നു.
ഇംഗ്ലണ്ടിലെ വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ ആഗോള പ്രവണതകളെ പ്രതിഫലിക്കുന്നതാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സുരക്ഷിതമല്ലാത്ത തൊഴില്‍, പാര്‍പ്പിടം, കോവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിവ മുതല്‍ ജീവിതത്തിന്റെ പല വശങ്ങളെ കുറിച്ചും യുവാക്കളില്‍ ആശങ്ക വളര്‍ന്നുവരികയാണ്. കോവിഡ് മാനസികാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗത്തില്‍ യുവാക്കളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
മാനസികാരോഗ്യം, ആത്മഹത്യാ ചിന്തകള്‍, സ്വയം ഉപദ്രവിക്കല്‍ എന്നിവയുടെ മൊത്തത്തിലുള്ള വ്യാപനത്തില്‍ പ്രായഭേദമന്യേ കുത്തനെ വര്‍ദ്ധനവ് ഉണ്ടായതായി പഠനം കണ്ടെത്തിയിട്ടുണ്ട് . മാനസികാരോഗ്യ രോഗികള്‍ക്ക് എന്‍എച്ച്എസ് ആപ്പ് ഉപയോഗിച്ച് സഹായം നല്‍കാനുള്ള പദ്ധതി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിക്കാന്‍ പോകുമ്പോഴാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നത്.