സ്പിരിച്വല്‍

മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷം 29 മുതല്‍ ജൂലൈ 6 വരെ

മാഞ്ചസ്റ്റര്‍: സെന്റ്. തോമസ് ദി അപ്പോസ്തല്‍ മിഷന്‍ മാഞ്ചസ്റ്ററില്‍ ഇടവക ദിനാഘോഷത്തോടെ ഗ്രേഷ്യസ് - 2025 (GRATIAS - 2025) നാളെ മാഞ്ചസ്റ്റര്‍ തിരുനാളാഘോഷങ്ങളുടെ ഇരുപതാം വര്‍ഷികാഘോഷങ്ങള്‍ക്ക് വിശ്വാസ തീഷ്ണവും പ്രൗഢഗംഭീരവുമായ തുടക്കം കുറിക്കും. നാളെ വിഥിന്‍ഷോ ഫോറം സെന്ററില്‍ ഉച്ചകഴിഞ്ഞ് 2മണിക്ക് കുടുംബകൂട്ടായ്മകളുടെയും, മിഷനിലെ വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പൊതു സമ്മേളനത്തില്‍ വച്ച് മിഷനെ നയിച്ചവര്‍ക്കും, മിഷന്റെ പുരോഗതിക്കായി നിലകൊണ്ടവരേയും ആദരിക്കും. വൈകിട്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വില്ല്യം ഐസക് ചലച്ചിത്ര പിന്നണി ഗായിക ഡെല്‍സി നൈനാന്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ഉണ്ടായിരിക്കുന്നതാണ്.

യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ വീണ്ടും തിരുന്നാള്‍ ആഘോഷങ്ങളുടെ ലഹരിയിലേക്ക്. ഈ വര്‍ഷം തിരുന്നാളിന്റെ ഇരുപതാം വാര്‍ഷികം കൂടി എത്തിയതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററില്‍ നടക്കുന്നത്.

ജൂണ്‍ 29 ഞായറാഴ്ച കൊടിയേറി ജൂലൈ ആറ് ഞായറാഴ്ച തിരുന്നാള്‍ കൊടിയിറങ്ങുന്നതോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.പ്രധാന തിരുന്നാള്‍ ജൂലൈ 5 ശനിയാഴ്ച നടക്കും.

യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് റവ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സീറോമലബാര്‍ സമൂഹത്തിന്റെ ചുമതല വഹിച്ചിരുന്ന 2006 - ല്‍ മാഞ്ചസ്റ്ററിലായിരുന്നു. പിന്നീട് എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ആയി ആഘോഷിച്ചുവരികയാണ്. സജിയച്ചനെ തുടര്‍ന്ന് ചുമതല വഹിച്ചിരുന്ന റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ തുടങ്ങിയ വൈദികരും ഇപ്പോള്‍ മിഷന്‍ ഡയറക്ടായിരിക്കുന്ന റവ. ഫാ. ജോസ് കുന്നുംപുറവുമാണ് മിഷന്റെ ചുമതല വഹിച്ചു വന്നിരുന്നത്.

തോമാശ്ലീഹായുടെ തിരുനാളാഘോഷമായി ആരംഭിച്ച മാഞ്ചസ്റ്റര്‍ തിരുനാള്‍ പിന്നീട് വിശുദ്ധ അല്‍ഫോസാമ്മയുടെയും കൂടി സംയുക്ത തിരുന്നാളാഘോഷമായി മാറുകയുണ്ടായി.

നാട്ടിലെ പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ എല്ലാം അതേ തനിമയോടെ മാഞ്ചസ്റ്ററില്‍ പുനരാവിഷ്‌കരിക്കാന്‍ കാലാകാലങ്ങളില്‍ ചുമതല വഹിച്ചിരുന്ന വൈദികരും, അത്മായ നേതൃത്വവും, ഇടവക സമൂഹം ഒരുമിച്ച് ചേര്‍ന്നാണ് മാഞ്ചസ്റ്റര്‍ തിരുന്നാളാഘോഷങ്ങള്‍ കെങ്കേമമാക്കി വന്നിരുന്നത്. വിശുദ്ധ തോമാശ്ലീഹായുടെയും,അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങളും, പൊന്‍ - വെള്ളി കുരിശുകളും, മുത്തുക്കുടകളും, കൊടിതോരണങ്ങളുമെല്ലാം നാട്ടില്‍നിന്നും എത്തിച്ചു തിരുന്നാള്‍ ആഘോഷകള്‍ക്ക് തുടക്കം കുറിക്കുകയും.പിന്നീട്ട് നാട്ടിലേക്കാളും കേമമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചെസ്റ്ററിലാണെന്ന് ആദ്യകാലം മുതല്‍ ഇവിടെ സ്ഥിരതാമസമാക്കിയവര്‍ ഓര്‍മിക്കുന്നു.

മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിന്‍ഷോയില്‍ തലയുയത്തിനില്‍ക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.

മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാള്‍ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും,മുത്തുക്കുടകളും,ബാന്‍ഡ് മേളവും എല്ലാം കാണുവാന്‍ ഒട്ടേറെ തദ്ദേശീയരും വര്‍ഷാവര്‍ഷം എത്താറുണ്ട്. പ്രധാന തിരുന്നാള്‍ ദിനത്തില്‍ പൗരാണികതയും, പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദായകവും ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. പൊന്‍ - വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം ഇവിടുത്തെ സീറോ മലബാര്‍ മലയാളികള്‍ക്ക് വിശ്വാസ പ്രഘോഷണമാണ്.

ജൂണ്‍ മാസം 29 ഞായറാഴ്ച വൈകുന്നേരം മൂന്നിന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും,ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടക്കും.ഇതേ തുടര്‍ന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും, ഉല്‍പ്പന്ന ലേലവും നടക്കും.

തിങ്കളാഴ്ചമുതല്‍ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളില്‍ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവക്കുള്ള നിയോഗങ്ങള്‍ സമര്‍പ്പിച്ചാവും തിരുക്കര്‍മങ്ങള്‍ നടക്കുക.

തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാര്‍മ്മികവുമ്പോള്‍ ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സുനി പടിഞ്ഞാറേക്കരയും, ബുധനാഴ്ച്ച സാല്‍ഫോര്‍ഡ് സെന്റ് എവുപ്രാസ്യാമിഷന്‍ ഡയറക്ടര്‍ ഫാ. സാന്റോ വാഴേപറമ്പിലും മുഖ്യ കാര്‍മ്മികനാവും.

വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ കാര്‍മ്മികനാവുമ്പോള്‍ വെള്ളിയാഴ്ച നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി ജോണ്‍ ഇടവഴിക്കലും കാര്‍മ്മികരാവും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും.ആഷ്ഫോര്‍ഡ് മാര്‍സ്ലീവാ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവുമ്പോള്‍ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും, സ്‌നേഹവിരുന്നും നടക്കും.

ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.തുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.

തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യന്‍, ജയന്‍ ജോണ്‍, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions