എണ്‍പതു വയസുള്ള ഇന്ത്യക്കാരനെ പാര്‍ക്കില്‍ വെച്ച് കൗമാരക്കാര്‍ തല്ലിക്കൊന്നതിലേക്ക് നയിച്ചത് പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ആരോപണം. ഇന്ത്യന്‍ വംശജന്‍ ഭീം കോഹ്‌ലി കൊല്ലപ്പെട്ട കേസിലാണ് വെളിപ്പെടുത്തല്‍. ഷിഫ്റ്റ് പാറ്റേണും, ബാങ്ക് ഹോളിഡേയും ചേര്‍ന്ന് വന്നതോടെ പോലീസ് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇരയുടെ മകള്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബറില്‍ നടന്ന അക്രമത്തില്‍ 14-കാരനായ ആണ്‍കുട്ടിയാണ് കൂട്ടുകാരിയെ സാക്ഷിയാക്കി 80-കാരനായ കോഹ്‌ലിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് രണ്ടാഴ്ച മുന്‍പ് മറ്റൊരു ഏഷ്യക്കാരനെ മറ്റ് രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതിന് അദ്ദേഹം സാക്ഷിയായിരുന്നു.
ഇപ്പോള്‍ മകള്‍ സൂസന്‍ കോഹ്‌ലിക്ക് പോലീസ് കൈമാറിയ റിപ്പോര്‍ട്ടിലാണ്. മുന്‍പത്തെ അക്രമസംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും കോഹ്‌ലിയുടെ മരണം നടക്കുന്നത് വരെ ഇവരെ അറസ്റ്റ് ചെയ്തില്ലെന്ന് വെളിപ്പെടുത്തിയത്. സാമൂഹ്യവിരുദ്ധ പെരുമാറ്റം തിരിച്ചറിയാന്‍ സംഘടനാപരമായ പഠനം ആവശ്യമാണെന്ന് ലെസ്റ്റര്‍ പോലീസ് പറഞ്ഞു.
ലെസ്റ്റര്‍ഷയര്‍ ബ്രൗണ്‍സ്റ്റോണ്‍ ടൗണ്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് കോഹ്‌ലി ക്രൂരമായ അക്രമത്തിന് ഇരയായത്. ഇതിന് രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്ത് വെച്ച് മറ്റൊരാള്‍ സമാനമായി അക്രമിക്കപ്പെട്ടു. പോലീസ് ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പിതാവ് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് മകള്‍ വിശ്വസിക്കുന്നത്.