കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുളള രജിസ്ട്രാറാണ് റിപ്പോര്‍ട്ട് തേടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കേസിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നേരത്തെ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ഈ വര്‍ഷം ഏപ്രിലിലാണ് കേസിലെ വാദം പൂര്‍ത്തിയായത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. 2024 സെപ്റ്റംബറില്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജയിലിലായി ഏഴുവര്‍ഷത്തിനുശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്.