മലയാളി കുടുംബത്തിന്റെ വിലയേറിയ സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടമാക്കിയതായി പരാതി
അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാനെത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിമാന അധികൃതര്‍ നഷ്ടപ്പെടുത്തിയതായി പരാതി. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോഡില്‍ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോ കോശി എന്നിവരുടെ സാധനങ്ങളാണ് നഷ്ടമായത്. ബിജോയിയും ഭാര്യയും അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.
ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയുള്ള കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരുന്നു യാത്ര. ഡബ്ലിനില്‍ നിന്നും നാലു ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയില്‍ യാത്ര അവസാനിച്ചപ്പോള്‍ തിരികെ ലഭിച്ചത് മൂന്ന് ബാഗേജുകള്‍ മാത്രം.28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതര്‍ക്ക് ബിജോയ് പരാതി നല്‍കി. ഒടുവില്‍ ഓഗസ്ത് രണ്ടിന് ഇന്‍ഡിഗോ പ്രതിനിധികള്‍ നഷ്ടമായ ബാഗേജ് നേരിട്ട് എത്തിച്ചു.
എന്നാല്‍ 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയില്‍ അവശേഷിച്ചത് 15 കിലോ മാത്രം. ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും നഷ്ടമായി.ഡബ്ലിനില്‍ നിന്നും പുറപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന തൂക്കം നാട്ടിലെത്തിയപ്പോള്‍ 15 കിലോയായി കുറഞ്ഞതില്‍ കൃത്യമായ മറുപടി ഇന്‍ഡിഗോ അധികൃതര്‍ നല്‍കിയില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് വിമാന കമ്പനി അധികൃതരുടെ മറുപടി. സംഭവം ചൂണ്ടിക്കാട്ടി കേരള പൊലീസിനും ബിജോയ് പരാതി നല്‍കികഴിഞ്ഞു. കൊല്ലം ജില്ലയിലെ പുത്തൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. ഓഗസ്ത് 19 ന് തിരികെ അയര്‍ലന്‍ഡിലേക്ക് പോകുവാന്‍ കുടുംബം ടിക്കറ്റ് എടുത്തിട്ടുണ്ട്.