ഡബ്ലിന്‍: ഇന്ത്യക്കാര്‍ക്ക് നേരെയുള്ള വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങള്‍ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടര്‍ന്നാണ് ആഘോഷം മാറ്റിയതെന്ന് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ അറിയിച്ചു. 'ഇന്ത്യ ദിനം ആഘോഷിക്കാന്‍ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങള്‍ കരുതുന്നു' എന്നാണ് അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍ പ്രശാന്ത് ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2015 മുതല്‍ ഐറിഷ് സര്‍ക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പുതിയ തിയതി പിന്നീട് തീരുമാനിക്കുമെന്നും പ്രശാന്ത് ശുക്ല പറഞ്ഞു.
സമീപ ദിവസങ്ങളില്‍ അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെയും വംശീയാധിക്ഷേപത്തെയും അലപിക്കുന്നുവെന്ന് അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. എന്നാല്‍ എത്ര പേര്‍ ആക്രമിക്കപ്പെട്ടു, ഈ ആക്രമത്തിന്റെ പൊതുസ്വഭാവം എന്താണ് എന്നതിനെ കുറിച്ച് അയര്‍ലന്‍ഡ് പൊലീസിനോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഈ മാസം ആദ്യം സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാത്രികാലങ്ങളില്‍ വിജനമായ പ്രദേശങ്ങളിലൂടെ തനിച്ച് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ദില്ലിയിലെ ഐറിഷ് എംബസി ആക്രമണങ്ങളെ അപലപിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച് പൊലീസുമായി ആശയ വിനിമയം നടത്തിവരികയാണെന്നും അറിയിച്ചു. തെക്കുകിഴക്കന്‍ അയര്‍ലന്‍ഡില്‍ ആറ് വയസ്സുകാരിയായ ഇന്ത്യന്‍ വംശജ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ഡബ്ലിനില്‍ ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവറെ രണ്ട് യാത്രക്കാര്‍ ആക്രമിക്കുകയും നിങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകാന്‍ ആക്രോശിക്കുകയും ചെയ്തു. വെറുപ്പ് അതിവേഗം പടരുന്നതില്‍ അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ ആശങ്കയിലാണ്. അയര്‍ലന്‍ഡില്‍ തങ്ങള്‍ക്ക് വീട് കിട്ടാത്തത് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ കാരണമെണെന്ന വ്യാജ പ്രചാരണം വ്യാപകമാണ്. അയര്‍ലന്‍ഡില്‍ ഏകദേശം 80,000 ഇന്ത്യന്‍ വംശജരുണ്ട്. ഇത് അയര്‍ലന്‍ഡിലെ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനമാണ്.
ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളെ തള്ളിപ്പറയുകയാണ് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ്. അന്ത്യന്തം നിന്ദ്യവും, രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ അക്രമങ്ങളെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ സമൂഹം ഐറിഷ് ജീവിതത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.
മെഡിസിന്‍, നഴ്‌സിംഗ്, കെയറിംഗ് പ്രൊഫഷന്‍, സംസ്‌കാരം, ബിസിനസ്സ്, സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം എടുത്ത് പറഞ്ഞ് പ്രശംസിച്ചു. അവരുടെ സാന്നിധ്യവും, ജോലിയും, സംസ്‌കാരവും നമ്മുടെ ജീവിതങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തത്, പ്രസിഡന്റ് ഹിഗിന്‍സ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അടുത്തിടെ നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അകാരണമായി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ നടന്നതോടെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. ജൂലൈ 19ന് ഇന്ത്യയില്‍ നിന്നുള്ള 40-കാരനായ ആമസോണ്‍ ജീവനക്കാരന് നേരെ ഡബ്ലിനില്‍ ഗുരുതരമായ അക്രമം അരങ്ങേറി. മറ്റൊരു സംഭവത്തില്‍ ഡബ്ലിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഒരു 32-കാരന്‍ അക്രമിക്കപ്പെട്ടു.
ഒരാഴ്ച മുമ്പാണ് കോട്ടയംകാരുടെ ആറ് വയസുകാരിയായ മകള്‍ക്കു നേരെ ഡബ്ലിനില്‍ തന്നെ അതിക്രൂരമായ വംശീയ ആക്രമണം നടന്നത്.