അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ഇതുവരെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേരെ കാണാതായി. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു.
ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റവരെ കുനാര്‍ പ്രവിശ്യകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടര്‍ച്ചയായി മൂന്ന് തുടര്‍ചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.