'ജവഹര്‍ ബാല്‍ മഞ്ച്' മാതൃകയില്‍ 'കേരള ബാലജന സഖ്യം' രൂപീകരിക്കാന്‍ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ ; ഉദ്ഘാടനം നവംബര്‍ 22ന് ബോള്‍ട്ടണില്‍
ബോള്‍ട്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്‌സ് ഏരിയ യൂണിറ്റ് / റീജിയനുകളുടെ നേതൃത്വത്തില്‍ ആറു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കായി 'ജവഹര്‍ ബാല്‍ മഞ്ച്' മാതൃകയില്‍ 'കേരള ബാലജന സഖ്യം' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കുന്നു.
സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും ഔദ്യോഗിക ലോഗോ, നിയമാവലി എന്നിവയുടെ പ്രകാശനവും 'ശിശുദിന' ആഘോഷങ്ങളോട് അനുബന്ധിച്ച് നവംബര്‍ 22 (ശനിയാഴ്ച) രാവിലെ 10.30ന് ബോള്‍ട്ടന്‍ ഫാംവര്‍ത്തിലുള്ള ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഓഫീസ് കെട്ടിട സമുച്ചയത്തിലെ പ്രിയദര്‍ശിനി ലൈബ്രറി ഹാളില്‍ വച്ച് നിര്‍വഹിക്കപ്പെടും. ചടങ്ങില്‍ നാട്ടിലും യുകെയില്‍ നിന്നുമുള്ള രാഷ്ട്രീയ - സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ നേരിട്ടും ഓണ്‍ലൈനിലുമായി പങ്കെടുക്കും.
കുട്ടികളിലെ കലാ, കായിക, വായനാ കഴിവുകളെ വളര്‍ത്തുകയും അവര്‍ ഇപ്പോള്‍ വസിക്കുന്ന സാമൂഹിക ചുറ്റുപാടുകളും നിയമസംഹിതയ്ക്കും കോട്ടം തട്ടാതെ ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുതുതലമുറയെ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘടനയുടെ ലക്ഷ്യം. തികച്ചും മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ, കുട്ടികളിലെ നേതൃത്വഗുണവും സാമൂഹികബോധവും വളര്‍ത്തുന്ന വേദിയായി പ്രവര്‍ത്തിക്കും.
'കേരള ബാലജന സഖ്യം' രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഐഒസിയുടെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിയും കര്‍ണാടക എംഎല്‍സിയുമായ ഡോ. ആരതി കൃഷ്ണ, ഐഒസി (യുകെ) നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാല്‍, കെപിസിസി, ജവഹര്‍ ബാല മഞ്ച് (ജെബിഎം) നേതൃത്വം എന്നിവരുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ലഭിച്ചത് സമയബന്ധിതമായി കൂട്ടായ്മ രൂപീകരിക്കുന്നതിന് സഹായകമായി.
അന്നേ ദിവസം നടത്തപ്പെടുന്ന 'ശിശുദിന' ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രസംഗം, കളറിങ് മത്സരങ്ങളും ('വാക്കും വരയും'), 'ചാച്ചാജി' എന്ന തലക്കെട്ടില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രപ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കും. ചടങ്ങുകളോടനുബന്ധിച്ച് 'കേരള ബാലജന സഖ്യ'ത്തിന്റെ അംഗത്വ വിതരണവും മത്സര വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കുമുള്ള സമ്മാനദാനവും നിര്‍വഹിക്കപ്പെടും.
'കേരള ബാലജന സഖ്യ'ത്തിന്റെ ഭാവിയില്‍ യുവജനോത്സവ മാതൃകയില്‍ കലാസാഹിത്യകായിക മത്സരങ്ങളടങ്ങിയ വിപുലമായ മേളകള്‍ സംഘടിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു വരുന്നു.
കുട്ടികളിലെ കഴിവുകള്‍ മുളയിലെ തിരിച്ചറിയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വേദിയായി ഈ കൂട്ടായ്മയ മാറുമെന്ന് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് വ്യക്തമാക്കി.