വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് സമീപം രണ്ട് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തയാള്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സി സിഐഎ. ഇയാളുടെ വെടിയേറ്റ വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡ് അംഗമായ സാറാ ബെക്ക്സ്ട്രോം മരണത്തിന് കീഴടങ്ങി. ചികിത്സയില്‍ കഴിയുന്ന ആന്‍ഡ്രൂ വുള്‍ഫ് ജീവിതത്തിലേക്ക് തിരികെ വരാന്‍ പോരാടുകയാണെന്ന് ട്രംപ് പ്രതികരിച്ചു.
റഹ്‌മാനുല്ല ലഖന്‍വാള്‍ എന്ന പ്രതി അഫ്ഗാനില്‍ യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് സ്ഥിരീകരിച്ചതിന് പിന്നാലെ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനെതിരെ യുഎസ് നയിച്ച പോരാട്ടത്തില്‍ സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ സ്വദേശികള്‍ക്ക് ബൈഡന്‍ ഭരണകൂടം കുടിയേറ്റ അവസരം നല്‍കിയിരുന്നു. നന്ദിസൂചകമായി യുഎസ് നടപ്പാക്കിയ ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം പദ്ധതിയിലൂടെ നാലു വര്‍ഷം മുമ്പാണ് പ്രതി യുഎസിലെത്തിയത്. അഫ്ഗാനിലെ തെക്കന്‍ കാണ്ഡഹാറിലെ താലിബാന്‍ ശക്തികേന്ദ്രത്തില്‍ സിഐഎയുടെ പിന്തുണയുള്ള യൂണിറ്റില്‍ ഉള്‍പ്പെടെ നിരവധി യുഎസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ബുധനാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്കാണ് വൈഹസ് ഹൗസിന് സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്ത് റോന്തുചുറ്റുകയായിരുന്ന രണ്ടു സൈനികര്‍ക്ക് നേരെ ഇയാള്‍ നിറയൊഴിച്ചത്. പിന്നാലെ സൈനികര്‍ കീഴടക്കിയ റഹ്‌മാനുല്ല പരിക്കുകളോടെ കസ്റ്റഡിയിലാണ്. അതേസമയം ആക്രമണത്തില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.