ഈ വര്‍ഷം ഒരു മില്ല്യണോളം വീടുകളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ വര്‍ധന അനുഭവപ്പെടും. വിലകുറഞ്ഞ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്നതാണ് ഈ ഇതിലേക്ക് നയിക്കുന്നത്.
2021-ല്‍ 971,105 അഞ്ച് വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളാണ് എടുത്തിരുന്നത്. ഇതിന്റെ പലിശ നിരക്കുകള്‍ കേവലം 0.91 ശതമാനം വരെ താഴ്ന്നതുമായിരുന്നു. എന്നാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യേണ്ട സമയം വരുന്നതോടെ ഇപ്പോള്‍ പലിശ നിരക്കുകള്‍ 3.51 ശതമാനത്തില്‍ വരെയാണ് നിലനില്‍ക്കുന്നത്. ഇത് പ്രകാരം ശരാശരി വിലയുള്ള വീടുകളുടെ പ്രതിമാസ തിരിച്ചടവില്‍ 282 പൗണ്ടിന്റെ വര്‍ധന നേരിടും.
നിലവില്‍ അഞ്ച് വര്‍ഷത്തെ റീമോര്‍ട്ട്‌ഗേജിംഗില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഫര്‍ നല്‍കുന്നത് ബാര്‍ക്ലേസാണ്, 3.76 ശതമാനം. 200,000 പൗണ്ടിന്റെ 25 വര്‍ഷം കൊണ്ട് അടയ്ക്കുന്ന മോര്‍ട്ട്‌ഗേജ് 0.94 ശതമാനത്തിന് ലഭിച്ചാല്‍ പ്രതിമാസ അടവ് 748 പൗണ്ടാണ്. എന്നാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ നിലവിലെ നിരക്കില്‍ ഇത് 1030 പൗണ്ടെങ്കിലും എത്തും.
റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ സാധ്യമായ മികച്ച ഡീല്‍ നേടാന്‍ ശ്രമിക്കുകയെന്നതാണ് പ്രതിമാസ തിരിച്ചടവ് കുതിച്ചുചാടുമ്പോഴും വലിയ പരുക്കുകള്‍ ഒഴിവാക്കാന്‍ നല്ലത്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റില്‍ തലവെച്ച് കൊടുക്കരുതെന്നാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധരുടെ ഉപദേശം. നിലവിലെ ബാങ്കോ, ബില്‍ഡിംഗ് സൊസൈറ്റിയോ ലാഭകരമായ നിരക്ക് ഓഫര്‍ ചെയ്യുന്നില്ലെങ്കില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ ലാഭകരമായ മറ്റൊരു ഡീല്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
കൈയില്‍ സേവിംഗ്‌സ് ഉണ്ടെങ്കില്‍ ഇത് ഉപയോഗിച്ച് പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും കഴിയും. അതല്ലെങ്കില്‍ റീമോര്‍ട്ട്‌ഗേജ് കാലാവധി നീട്ടിയെടുത്തും ഇത് നേടാം. എന്നാല്‍ പ്രതിമാസ തിരിച്ചടവ് കുറയുമെങ്കിലും മൊത്തത്തില്‍ നല്‍കുന്ന തുക വര്‍ധിക്കാന്‍ ഇത് ഇടയാക്കും.
അതിനിടെ, 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കുടുംബ വീടുകളും മാന്‍ഷന്‍ ടാക്‌സ് വേട്ടയില്‍ പെടുമെന്നു പ്രോപ്പര്‍ട്ടി ഉടമകള്‍ക്കു മുന്നറിയിപ്പ് ഉണ്ട്. നവംബറിലെ ബജറ്റില്‍ 2 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ വിലയുള്ള ഉയര്‍ന്ന മൂല്യമുള്ള കൗണ്‍സില്‍ ടാക്‌സ് സര്‍ചാര്‍ജ്ജാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചത്. 2028 ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരും.
നിലവിലെ കൗണ്‍സില്‍ ടാക്‌സിന് പുറമെയാണ് ഈ വാര്‍ഷിക ചാര്‍ജ്ജ്. പ്രോപ്പര്‍ട്ടിയുടെ മൂല്യം അടിസ്ഥാനമാക്കി ഇത് വര്‍ദ്ധിക്കുകയും ചെയ്യും. 2 മില്ല്യണില്‍ കൂടുതല്‍ വിലയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് പ്രതിവര്‍ഷം 2500 പൗണ്ട് മുതല്‍ തുടങ്ങുന്ന നാല് പ്രൈസ് ബാന്‍ഡുകളാണ് ഉണ്ടാവുക. 5 മില്ല്യണിലേറെയാണ് വീട് വിലയെങ്കില്‍ ഇത് 7500 പൗണ്ടായി ഉയരും.
പുതിയ നികുതി ലണ്ടന്‍, സൗത്ത് ഈസ്റ്റ് മേഖലയിലുള്ളവരെയാണ് സാരമായി ബാധിക്കുക. ഇവിടങ്ങളില്‍ പ്രോപ്പര്‍ട്ടി വില കൂടുതലാണെന്നതാണ് കാരണം. എന്നാല്‍ ഇതില്‍ കുറഞ്ഞ വിലയുള്ള പ്രോപ്പര്‍ട്ടികളും സര്‍ചാര്‍ജ്ജില്‍ പെടുമെന്ന് വാല്യൂവേഷന്‍ ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു.