ഇമിഗ്രേഷന്‍

ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം

യുകെയില്‍ ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഫെബ്രുവരി 25 മുതല്‍ പുതിയ പ്രവേശനനിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇക്കാര്യത്തില്‍ ആശങ്കയും ആശയക്കുഴപ്പവും തുടരുകയാണ്. ഇതുവരെ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുകെയിലേക്ക് യാത്ര ചെയ്യാമാരുന്നു. ഇരട്ട പൗരത്വമുള്ളവര്‍ക്ക്‌ ഇനി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ‘സര്‍ട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റില്‍മെന്റ്’ എന്ന ഡിജിറ്റല്‍ രേഖ നിര്‍ബന്ധമാകും. പുതിയ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ETAയ്ക്ക് അപേക്ഷിക്കാന്‍ ഇരട്ട പൗരന്മാര്‍ക്ക് സാധിക്കില്ലെന്നും, ആവശ്യമായ രേഖകളില്ലെങ്കില്‍ വിമാനക്കമ്പനികള്‍ തന്നെ യാത്ര അനുവദിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് ഏകദേശം 100 പൗണ്ടും സര്‍ട്ടിഫിക്കറ്റ് ഓഫ് എന്‍ റ്റൈറ്റില്‍മെന്റിന് 589പൗണ്ടും ചെലവാകുന്നതും രേഖകള്‍ ലഭിക്കാന്‍ ആഴ്ചകള്‍ കാലതാമസം ഉണ്ടാകുന്നതുമാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.


2021 ലെ സെന്‍സസ് പ്രകാരം ലക്ഷക്കണക്കിന് ഇരട്ട പൗരന്മാര്‍ യുകെയില്‍ താമസിക്കുന്നുണ്ട് . ഐറിഷ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഈ നിയമം ബാധകമല്ലെങ്കിലും മറ്റു യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബാധകമാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിലാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയെങ്കിലും, ‘the3million’ എന്ന ക്യാംപെയിന്‍ സംഘടന ഉള്‍പ്പെടെ പലരും സമയപരിധി നീട്ടണമെന്നും കുറഞ്ഞ ചെലവില്‍ താത്കാലിക യാത്രാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങള്‍ കാരണം അവധി യാത്രയിലോ കുടുംബ സന്ദര്‍ശനത്തിനായോ വിദേശത്തുള്ള നിരവധി ഇരട്ട പൗരന്മാര്‍ സ്വദേശത്തേക്ക് മടങ്ങാനാകുമോ എന്ന ആശങ്കയിലാണ്.

യുകെയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഈ നിയമം ഏറെ നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും ബ്രിട്ടിഷ് പൗരത്വത്തോടൊപ്പം മറ്റ് വിദേശ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം:

ബ്രിട്ടിഷ്/ഐറിഷ് പൗരന്മാര്‍ക്ക് ETA ആവശ്യമില്ല. എന്നാല്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ബ്രിട്ടിഷ് അല്ലെങ്കില്‍ ഐറിഷ് പാസ്‌പോര്‍ട്ട് തന്നെ ഉപയോഗിക്കണം.

മറ്റൊന്ന് നിങ്ങള്‍ ബ്രിട്ടിഷ് പൗരനാണെങ്കിലും യാത്രാവേളയില്‍ നിങ്ങളുടെ വിദേശ പാസ്‌പോര്‍ട്ട് (ഉദാഹരണത്തിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ യൂറോപ്യന്‍ പാസ്‌പോര്‍ട്ടോ) ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിങ്ങളുടെ 'ബ്രിട്ടിഷ് പൗരത്വം' തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളോ ‘Certificate of Entitlement’ സ്റ്റാമ്പോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സിസ്റ്റം നിങ്ങളെ ഒരു വിദേശ സന്ദര്‍ശകനായി കണക്കാക്കുകയും ETA ഇല്ലെന്ന കാരണത്താല്‍ യാത്ര തടയുകയും ചെയ്യും. യാത്ര പ്ലാന്‍ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പെങ്കിലും ETA-യ്ക്കായി അപേക്ഷിക്കണം.

സ്മാര്‍ട്ട്‌ഫോണിലെ ആപ്പ് വഴി വളരെ വേഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. നിങ്ങളുടെ പാസ്‌പോര്‍ട്ട് സ്കാന്‍ ചെയ്യാനും ഫോട്ടോ അപ്‌ലോഡ് ചെയ്യാനും ഇത് സഹായിക്കും. ഔദ്യോഗിക വെബ്‌സൈറ്റ്: gov.uk എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. ഭൂരിഭാഗം അപേക്ഷകളിലും മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കുമെങ്കിലും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നാല്‍ ഇത് നീണ്ടുപോയേക്കാം.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് യുകെ സന്ദര്‍ശിക്കാന്‍ നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് വിസിറ്റര്‍ വിസ ആവശ്യമാണ്. അവര്‍ക്ക് ഈ ഇ.ടി.എ നിയമം നിലവില്‍ ബാധകമല്ല. എന്നാല്‍ യൂറോപ്പിലോ അമേരിക്കയിലോ താമസിക്കുന്ന മലയാളികള്‍ വിദേശ പാസ്‌പോര്‍ട്ടിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ അവര്‍ ഈ പുതിയ നിയമം കൃത്യമായി പാലിക്കേണ്ടതുണ്ട്. റെസിഡന്‍സ് പെര്‍മിറ്റുള്ളവരും തങ്ങളുടെ വിസ സ്റ്റാറ്റസ് പാസ്‌പോര്‍ട്ടുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

അതായത് ഇനി യുകെയിലേക്കുള്ള യാത്രയ്ക്ക് പാസ്‌പോര്‍ട്ട് മാത്രം പോരാ, കൂടെ ഡിജിറ്റല്‍ അനുമതിയും ആവശ്യമാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് ഈ സുപ്രധാന രേഖ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തി അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions