ടെഹ്‌റാന്‍: ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാല്‍ മുജ്തബയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു ലോകം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്ന പേരും മുജ്തബയുടേതായിരുന്നു. ആയത്തൊള്ള അലിറസ അറാഫി, മൊഹ്‌സെന്‍ ഖോമി, ഹസ്സന്‍ ഖൊമൈനി, മുഹമ്മദ് മെഹ്ദി മിര്‍ബഗേരി തുടങ്ങിയവരുടെ പേരും പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
ആയത്തൊള്ള ഖമനയിയുടെ മകന്‍ എന്നതിനപ്പുറം ഇറാന്റെ ഭരണരംഗത്ത് ഔദ്യോഗിക പദവികളൊന്നും അലങ്കരിച്ചിട്ടില്ലാത്ത ആളാണ് മുജ്തബ ഖമനയി. 2005ലെ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലോടെയായിരുന്നു മുജ്തബ രാഷ്ട്രീയത്തില്‍ സജീവമായി തുടങ്ങിയത്. നേരത്തെ മഹ്‌മൂദ് അഹമ്മദി നെജാദ് മത്സരിച്ച തെരഞ്ഞെടുപ്പില്‍ മുജ്തബ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2009ലെ തെരഞ്ഞെടുപ്പിലും നെജാദിനെ മുജ്തുബ പിന്തുണച്ചിരുന്നു. നെജാദിന് തുടര്‍ഭരണം സമ്മാനിച്ച ആ തെരഞ്ഞെടുപ്പില്‍ പക്ഷെ ക്രമക്കേട് ആരോപിച്ച് പ്രതിഷേധങ്ങളുമുണ്ടായിരുന്നു. ഗ്രീന്‍ മൂവ്മെന്റ് എന്ന് അറിയപ്പെടുന്ന ആ രാജ്യവ്യാപക പ്രതിഷേധം അടിച്ചമര്‍ത്തിയതില്‍ മുജ്തബയ്ക്ക് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
1969-ല്‍ ആയത്തൊള്ള ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനായി മഷ്ഹദിലാണ് മുജ്തബ ജനിച്ചത്. 1987ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുജ്തബ ഖമനയി ഇറാന്‍ റവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സില്‍ ചേര്‍ന്നു. തത്വശാസ്ത്രവും ഇസ്ലാമിക നിയമവും പഠിച്ച ഒരു മതപണ്ഡിതന്‍ കൂടിയാണ് മുജ്തബ. 2021-ലാണ് മുജ്തബയ്ക്ക് 'ആയത്തൊള്ള' പദവി ലഭിക്കുന്നത്. 2022ല്‍ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഹിജാബ് പ്രക്ഷോഭത്തെ തകര്‍ത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് കരുതുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, ഖുദ്സ് ഫോഴ്സ്, ബാസിജ് മിലിഷ്യ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മുജ്തബ. ഈ ബന്ധം ഇറാനിലെ രാഷ്ട്രീയ-സുരക്ഷാ മേഖലകളില്‍ അദ്ദേഹത്തിന് വലിയ കരുത്ത് നല്‍കുമെന്നാണ് കരുതുന്നത്. കൂടാതെ ഇറാനിലെ മുതിര്‍ന്ന മതപണ്ഡിതരുമായും ഐആര്‍ജിസി നേതൃത്വവുമായും മുജ്തബയ്ക്ക് അടുത്ത ബന്ധമുണ്ട്.