യു.കെ.വാര്‍ത്തകള്‍

പ്രാദേശീയ തെരഞ്ഞെടുപ്പില്‍ ഹാംഷയര്‍ കൗണ്ടി കൗണ്‍സിലറായി സജീഷ് ടോമിന് മിന്നും വിജയം

ഇംഗ്ലണ്ടിലെ പ്രാദേശീയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഹാംഷയര്‍ കൗണ്ടി കൗണ്‍സിലിലേക്ക് മലയാളിയായ സജീഷ് ടോമിന്റെ വിജയം ശ്രദ്ധേയമാകുന്നു. ആകെയുള്ള എഴുപത്തിഎട്ട് സീറ്റുകളില്‍നിന്ന് വിജയിച്ച ഒരേ ഒരു ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍ ആണ് സജീഷ്.

ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രാദേശീയ തെരഞ്ഞെടുപ്പില്‍, തീവ്ര വലതുപക്ഷ നിലപാടുള്ള റീഫോം പാര്‍ട്ടി വമ്പിച്ച വിജയം നേടി മുന്നേറുമ്പോഴാണ് സകല പ്രവചനകളെയും കാറ്റില്‍ പറത്തിക്കൊണ്ട് റീഫോം പാര്‍ട്ടിയെ പരാജയപ്പെടുത്തി, ലേബര്‍ പാര്‍ട്ടിക്കുവേണ്ടി അഭിമാനകരമായ വിജയം സജീഷ് നേടിയെടുത്തിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന പല മേഖലകളിലും കനത്ത പരാജയമാണ് നേരിടുന്നതെന്നാണ് ആദ്യ സൂചനകള്‍ പുറത്ത് വരുന്നത്.

ബേസിംഗ്സ്റ്റോക്ക് നോര്‍ത്ത് ഡിവിഷഷനില്‍ ആണ് പത്ത് ശതമാനത്തോളം വോട്ട് വ്യത്യാസത്തില്‍ സജീഷ് ടോം റീഫോം പാര്‍ട്ടിയെ പരാജയപ്പെടുത്തി വിജയക്കൊടി പാറിച്ചത്. 2021 മുതല്‍ ഹാംഷയര്‍ കൗണ്ടിയിലെ ബേസിംഗ്സ്റ്റോക്ക് ബറോകൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് കൗണ്‍സിലറായി സജീഷ് പ്രവര്‍ത്തിച്ചുവരുന്നു.

ജനസംഖ്യയുടെ 93 ശതമാനവും വെള്ളക്കാര്‍ നിവസിക്കുന്ന ഒന്നാണ് ഹാംഷയര്‍ കൗണ്ടി. ഈ വിജയത്തോടുകൂടി, ബറോ കൗണ്‍സിലിലും കൗണ്ടി കൗണ്‍സിലിലും ഒരേ സമയം പ്രവര്‍ത്തിക്കുന്ന, യു കെ യിലെ വളരെച്ചുരുക്കം പേരുകളില്‍ ഒരാളായി സജീഷ് ടോം തന്റെ പേരും എഴുതി ചേര്‍ത്തിരിക്കുകയാണ്. 2005 ല്‍
ആണ് സജീഷ് കുടുംബസമേതം യു കെ യില്‍ എത്തിയത്.

സജീഷിന്റെ ഭാര്യ ആന്‍സി ഹാംഷയര്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഐ സി യു ഡിപ്പാര്‍ട്ട്‌മെന്റ്റില്‍ ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു. ഏക മകള്‍ അലീന ലണ്ടണില്‍ ജോലി ചെയ്യുന്നു. കോട്ടയം ജില്ലയില്‍ വൈക്കം, ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമായ സജീഷിന്റെ കുടുംബം ഇപ്പോള്‍ എറണാകുളം ജില്ലയില്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള തെക്കന്‍ പറവൂരിലാണ് ആണ്.

സജിഷ് 2015, 2016 വര്‍ഷങ്ങളില്‍ യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ 'യുക്മ'യുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നാല് വര്‍ഷങ്ങള്‍ സംഘടനയുടെ ദേശീയ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു കെ പൊതുസമൂഹത്തില്‍ രണ്ട് ദശാബ്ദത്തിലേറെയായി സജീവസാന്നിധ്യമായ സജീഷ്, തുടര്‍ച്ചയായ മൂന്ന് ടേമുകളില്‍ ബേസിംഗ്സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷറര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും 2012 ല്‍ 'മേയേര്‍സ് വോളന്റ്ററി അവാര്‍ഡ്' കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ബേസിംഗ്സ്റ്റോക്ക് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന സജീഷ് ടോം തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവമാണ്. യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ UNISON ന്റെ ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍, ലേബര്‍ലിങ്ക് ഓഫീസര്‍, സൗത്ത് ഈസ്റ്റ് റീജിയണല്‍ ഫിനാന്‍സ് കമ്മറ്റി അംഗം, റീജിയണല്‍ വെല്‍ഫെയര്‍ കമ്മറ്റി അംഗം തുടങ്ങി നിരവധി ചുമതലകള്‍ വിവിധ കാലഘട്ടങ്ങളിലായി സജീഷ് വഹിച്ചിട്ടുണ്ട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions