യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം

ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസു കാരിയെ സാഹസികമായി രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇല്‍ഫോര്‍ഡ് ഹൈറോഡിലെ തിരക്കേറിയ വ്യാപാരമേഖലയിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മലപ്പുറം സ്വദേശി മുഹമ്മദ് ജസീലാണ് കുഞ്ഞിനെ രക്ഷിച്ചവരില്‍ ഒരാളെന്ന് വ്യക്തമായത്.

മെട്രോപൊളിറ്റന്‍ പൊലീസിന്റെ വിവരമനുസരിച്ച്, വൈകിട്ട് 3.23ഓടെയാണ് കുട്ടി കെട്ടിടത്തിന്റെ മുകളിലെ ജനല്‍പ്പടിയിലേക്ക് കയറിയെന്ന വിവരം ലഭിച്ചത്. ഏത് നിമിഷവും താഴേക്ക് വീഴാന്‍ സാധ്യതയുള്ള അവസ്ഥയില്‍ കുട്ടിയെ കണ്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ, സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന മുഹമ്മദ് ജസീലും ശബ്ദം കേട്ട് ഓടിയെത്തുകയായിരുന്നു.

സംഭവസമയത്ത് ജസീല്‍ ഡ്യൂട്ടിക്കായി തയ്യാറെടുക്കുകയായിരുന്നു. പുറത്തുനിന്നുള്ള ബഹളം കേട്ട് കാര്യം മനസ്സിലാക്കിയതോടെ, സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെ അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കുട്ടിയുടെ പിടി ദുര്‍ബലമാകുന്നത് കണ്ട ജസീലും ഒരു പൊലീസ് ഉദ്യോഗസ്ഥനും താഴെ സുരക്ഷിതമായി നിലയുറപ്പിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം കുട്ടിയുടെ കൈ ജനല്‍പ്പടിയില്‍ നിന്ന് വഴുതിയതോടെ താഴേക്ക് പതിച്ച കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് സുരക്ഷിതമായി താങ്ങിയെടുത്തു.

പൊലീസ് വ്യക്തമാക്കിയതനുസരിച്ച്, 3.32ഓടെ കുട്ടിയെ രക്ഷപ്പെടുത്തി. ഒമ്പത് മിനിറ്റോളം നീണ്ടുനിന്ന ആശങ്കാജനകമായ സാഹചര്യം വന്‍ ദുരന്തമില്ലാതെ അവസാനിച്ചു. കുട്ടിക്കോ രക്ഷാപ്രവര്‍ത്തകര്‍ക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം വിജയിച്ചതോടെ സ്ഥലത്ത് കൂടിയിരുന്നവര്‍ കൈയടികളോടെ ആശ്വാസം പ്രകടിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ജസീലിനെ ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മാന്തടം സ്വദേശിയാണ് മുഹമ്മദ് ജസീല്‍. കോണ്‍ഗ്രസ് നേതാവും ആലംകോട് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ സുലൈമാന്‍ മാന്തടത്തിന്റെ മകനാണ്. 2019ല്‍ എംബിഎ പഠനത്തിനായി യുകെയിലെത്തിയ ജസീല്‍, പഠനം പൂര്‍ത്തിയാക്കിയ ശേഷം ഈസ്റ്റ് ഹാമിലെ അനന്തപുരം റെസ്റ്റോറന്റില്‍ മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യ ഷാമിലയും മക്കളായ ഇസായേലും നവജാത ശിശുവായ ദാനിലും നാട്ടിലായതിനാല്‍ ജസീല്‍ നിലവില്‍ ലണ്ടനില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മാതാവ് റെജിമോള്‍.

വാര്‍ത്ത പുറത്തുവന്നതോടെ പ്രവാസി മലയാളി സമൂഹത്തിലും വിവിധ സംഘടനകളിലും നിന്ന് ജസീലിന് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററും ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററും ചേര്‍ന്ന് അദ്ദേഹത്തെ ഈസ്റ്റ് ഹാമില്‍ ആദരിച്ചു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions