വെനസ്വേലയില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഉഗ്ര ഭൂകമ്പങ്ങളില്‍ മരണസംഖ്യ ആശങ്കപ്പെടുത്തും വിധം ഉയരുന്നു. മരണസംഖ്യ ഒരുലക്ഷം വരെ ആയേക്കാമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന ഊഹാപോഹങ്ങള്‍. ഈ ഭൂചലനം ബ്രസീല്‍ വരെയുള്ള പ്രദേശങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള ആളുകളെയും ഒഴിപ്പിച്ചു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനു പേര്‍ കുടുങ്ങിയിട്ടുണ്ട് . അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണ്ണമായി വ്യക്തമല്ല.
രക്ഷാപ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍, യു.എസ്. ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട പ്രാഥമിക വിലയിരുത്തലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഇരട്ട ഭൂകമ്പങ്ങള്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും കെട്ടിടങ്ങള്‍ നിലംപൊത്തുകയും പ്രദേശമാകെ പരിഭ്രാന്തി പരത്തുകയും ചെയ്തു. വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ മുന്നറിയിപ്പ്.
ബുധനാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്, ഭൂകമ്പം പല സംസ്ഥാനങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി അറിയിച്ചു. എന്നാല്‍ തകര്‍ന്ന വീടുകളുടെയോ കെട്ടിടങ്ങളുടെയോ, പരിക്കേറ്റവരുടെയോ അല്ലെങ്കില്‍ മരണപ്പെട്ടവരുടെയോ കൃത്യമായ കണക്കുകള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. ഭൂകമ്പത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളമായ സിമോണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അത് താല്‍ക്കാലികമായി അടച്ചതായും, അടുത്ത കുറച്ചു ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
7.2 തീവ്രതയുള്ള ആദ്യ ചലനത്തിന് തൊട്ടുപിന്നാലെ 7.5 തീവ്രതയുള്ള രണ്ടാമത്തെ വലിയ ഭൂകമ്പം ഉണ്ടായി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, പരിക്കേറ്റവരെ സഹായിക്കാനായി എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും ഉടനടി ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ആദ്യ ഭൂകമ്പത്തിന് 7.1 തീവ്രതയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ ആദ്യം രേഖപ്പെടുത്തിയതെങ്കിലും പിന്നീട് അത് 7.2 ആയി പുതുക്കി നിശ്ചയിച്ചു. കാരക്കാസിന് പടിഞ്ഞാറ് 168 കിലോമീറ്റര്‍ (104 മൈല്‍ ) അകലെ കരീബിയന്‍ തീരത്തുള്ള 'മൊറോണ്‍' എന്ന പ്രദേശത്തിന് പടിഞ്ഞാറാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 22 കിലോമീറ്റര്‍ താഴ്ചയിലാണ് ഈ ഭൂകമ്പം ഉണ്ടായത്.
ഇതിന് തൊട്ടുപിന്നാലെ, വെറും ഒരു മിനിറ്റിനുള്ളില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ രണ്ടാമത്തെ ഭൂകമ്പം ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോര്‍ട്ട് ചെയ്തു. 10 കിലോമീറ്റര്‍ മാത്രം താഴ്ചയിലുണ്ടായ ഈ രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മൊറോണിന് 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിരുന്നു. ഇതിനുശേഷം കുറഞ്ഞത് 20 തുടര്‍ച്ചലനങ്ങളെങ്കിലും അനുഭവപ്പെട്ടു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഈ ഭൂകമ്പങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയപ്പോള്‍ ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ഓടി. കെട്ടിടങ്ങളുടെ ചുവരുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന് വീണതുമൂലം അകത്തെ ഫര്‍ണിച്ചറുകള്‍ വരെ പുറത്തുനിന്ന് കാണാമായിരുന്നു.