യു.കെ.വാര്‍ത്തകള്‍

ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത

ബെഡ്ഫോര്‍ഡിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ യുകെ പൊലീസ് തിരയുന്ന എന്‍ഡൊഡാന എംഖനിസ്സി ഷുമയെക്കുറിച്ച് ബ്രിട്ടനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെയുമാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളില്‍ നിന്നോ ബ്രിട്ടിഷ് പൊലീസില്‍ നിന്നോ ഇതുവരെ ഔദ്യോഗിക സന്ദേശമോ റെഡ് നോട്ടിസോ ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ് വക്താവ് പോള്‍ ന്യാതി പറഞ്ഞു. എന്നാല്‍ പ്രതിയെ കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തെ എല്ലാ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി സിംബാബ്വെയിലുണ്ടെങ്കില്‍ സ്വമേധയാ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ബ്രിട്ടനിലെ നാഷനല്‍ ക്രൈം ഏജന്‍സിയുമായി (എന്‍സിഎ) ചേര്‍ന്ന് വിവിധ രാജ്യാന്തര നിയമപാലന ഏജന്‍സികളുമായി വിവരങ്ങള്‍ കൈമാറിവരികയാണെന്ന് ബെഡ്ഫോര്‍ഡ്‌ഷെയര്‍ പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം സജീവമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലീ മാര്‍ട്ടിന്‍ പ്രതിയോട് വീണ്ടും നേരിട്ട് കീഴടങ്ങാന്‍ ആഹ്വാനം ചെയ്തു. 'ഈ സംഭവം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തകര്‍ത്തിരിക്കുകയാണ്. കുറ്റാന്വേഷണത്തിന് അതിര്‍ത്തികളില്ല. നിങ്ങള്‍ എവിടെയായാലും കണ്ടെത്തും' എന്നായിരുന്നു ലീ മാര്‍ട്ടിന്റെ പ്രതികരണം.

കൊല്ലപ്പെട്ട നോത്താബോ സാന്‍ഡിലെ ഷുമയുടെയും മക്കളായ നാറ്റലി, നാല എന്നിവരുടെയും കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ അനുശോചനവും പിന്തുണയും അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെഡ്ഫോര്‍ഡിന് സമീപത്തെ ഗ്രേറ്റ് ഡെന്‍ഹാമിലെ വീട്ടില്‍ നിന്ന് നോത്താബോ സാന്‍ഡിലെ ഷുമ (42), മക്കളായ നാറ്റലി (15), നാല (5) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദിവസങ്ങളായി കുടുംബാംഗങ്ങളെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. നോത്താബോയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ എന്‍ഡൊഡാന എംഖനിസ്സി ഷുമ (45) ആണ് കേസിലെ മുഖ്യപ്രതിയെന്നാണ് ബെഡ്ഫോര്‍ഡ്‌ഷെയര്‍ പൊലീസിന്റെ നിഗമനം. മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് ഇയാള്‍ ഹീത്രൂ വിമാനത്താവളത്തിലൂടെ ബ്രിട്ടിഷ് പാസ്പോര്‍ട്ട് ഉപയോഗിച്ച് സിംബാബ്വെയിലേക്ക് യാത്ര ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions